Sorry, you need to enable JavaScript to visit this website.

വിദ്വേഷ ആക്രമണത്തിന് ശിക്ഷയായി പ്രതി സിഖ് മതം പഠിക്കണമെന്ന് കോടതി

ഒറിഗണ്‍- യുഎസിലെ ഒറിഗണില്‍ സിഖ് മതവിശ്വാസിയായ ഷോപ്കീപ്പര്‍ക്കു നേരെ വിദ്വേഷ ആക്രമണം നടത്തിയ കേസിലെ പ്രതി ആന്‍ഡ്രൂ റാംസെയ്ക്ക് കോടതി ശിക്ഷയായി വിധിച്ചത് സിഖ് മത പഠനം. ശിക്ഷയുടെ ഭാഗമായി സിഖ് മതത്തെ കുറിച്ച് പഠിച്ച് കോടതി മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജഡ്ജി വിധിച്ചതായി യുഎസിലെ സിഖ് പൗരാവകാശ സംഘടനയായ സിഖ് കൊയലീഷന്‍ അറിയിച്ചു. ഇതൊരു വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ചാണ് കോടതി ശിക്ഷി വിധിച്ചത്. ജനുവരി 14നാണ് പ്രതി റാംസെ ഇന്ത്യന്‍ വംശജനായ ഹര്‍വീന്ദര്‍ സിങ് ദോഡിനെ കടയില്‍ കയറി താടി പിടിച്ചു വലിക്കുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്തത്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ റാംസെയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കുടിയേറിപ്പാര്‍ത്ത ഹര്‍വീന്ദര്‍ സ്വന്തമായി നടത്തിവരികയായിരുന്ന കടയില്‍ വച്ചാണ് വിദ്വേഷ ആക്രമണത്തിനിരയായത്. ഹര്‍വീന്ദറിന്റെ സിഖ് തലപ്പാവും പ്രതി വലിച്ചുകയും ഷൂ കൊണ്ട് എറിയുകയും ചെയതിരുന്നതായും പോലീസ് പറഞ്ഞു.

ജൂണില്‍ ഒറിഗണിലെ സലെമില്‍ നടക്കുന്ന വാര്‍ഷിക സിഖ് ജാഥയില്‍ പങ്കെടുക്കാനും പ്രതി റാംസെയോട് മരിയോണ്‍ കൗണ്ടി ജഡ്ജ് ലിന്‍ഡ്‌സെ പാട്രിഡ്ജ് ഉ്ത്തരവിട്ടു. സിഖ് സമുദായത്തേയും സംസ്‌കാരത്തേയും കുറിച്ച് എന്താണ് പഠിച്ചതെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 

ഒറിഗണില്‍ ഇത്തരം മതവിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. 2016-നും 2017നുമിടിയില്‍ മാത്രം ഇവിടെ വിദ്വേഷ ആക്രമണങ്ങള്‍ 40 ശതമാനം വര്‍ധിച്ചെന്ന് എഫ്ബിഐ കണക്കുകള്‍ പറയുന്നു.
 

Latest News