Sorry, you need to enable JavaScript to visit this website.

മക്കയില്‍ പഴുതടച്ച സുരക്ഷ; സഹായിക്കാന്‍ പോലീസ് നായ്ക്കള്‍ മുതല്‍ റോബോട്ടുകള്‍വരെ

മക്കയിൽ വിശുദ്ധ ഹറമിനു സമീപം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്താൻ ഉപയോഗിക്കുന്ന പോലീസ് നായ. 

മക്ക- വിശുദ്ധ ഹറമിലും പരിസര പ്രദേശങ്ങളിലും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടുന്നതിനും നിർവീര്യമാക്കുന്നതിനും ഇരുപതു  സംഘങ്ങൾ പ്രവർത്തിക്കുന്നതായി ഉംറ സുരക്ഷാ സേനയിലെ ആയുധ, സ്‌ഫോടക വസ്തു വിഭാഗം വെളിപ്പെടുത്തി. തീർഥാടകർക്ക് ഏറ്റവും മികച്ച സുരക്ഷ ഒരുക്കുന്നതിന് ആയുധ, സ്‌ഫോടക വസ്തു വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നതായി  അസിസ്റ്റന്റ് കമാണ്ടർ ബ്രിഗേഡിയർ ഖാലിദ് അൽ ഖൈതാൻ പറഞ്ഞു. 
പത്തു സംഘങ്ങൾ വീതം അടങ്ങിയ രണ്ടു വിഭാഗമായി തിരിഞ്ഞാണ് ആയുധ, സ്‌ഫോടക വസ്തു വിഭാഗം മക്കയിൽ പ്രവർത്തിക്കുന്നത്. തിരച്ചിൽ നടത്തുകയാണ് ഇതിൽ ഒരു വിഭാഗത്തിന്റെ ചുമതല. ഹറമിനു സമീപവും കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതിക്കു താഴെയും മുഴുവൻ വാഹനങ്ങളും  പരിശോധിക്കും. മുഴുവൻ വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. സംശയകരമായ വസ്തുക്കൾ കണ്ടെത്തിയാൽ  നിർവീര്യമാക്കുകയാണ് രണ്ടാമത്തെ വിഭാഗമായ റാപിഡ് റെസ്‌പോൺസ് ടീമിന്റെ ചുമതല. 
സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തുന്നതിന് പരിശീലനം സിദ്ധിച്ച പോലീസ് നായ്ക്കളെ മക്കയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.

വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച ഏഴ് അത്യാധുനിക ഗ്രൗണ്ട് ക്യാമറകൾ കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ എത്തുന്ന മുഴുവൻ വാഹനങ്ങളും ചിത്രീകരിക്കുന്ന ക്യാമറകളുമുണ്ട്. വാഹനങ്ങൾ സ്‌കാൻ ചെയ്യുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും വാഹനങ്ങളിലെ ദുഷ്‌കരമായ ഭാഗങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നവീന ഉപകരണങ്ങളും പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്. സംശയകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് റോബോട്ടുകളും പ്രയോജനപ്പെടുത്തുന്നുണ്ട്.

വാഹനങ്ങളുടെ അടിഭാഗം കണ്ണാടികൾ ഉപയോഗിച്ച് സുരക്ഷാ സൈനികർക്ക് നിരീക്ഷിക്കാൻ സാധിക്കുന്ന ഉപകരണങ്ങളും ആയുധ, സ്‌ഫോടക വസ്തു വിഭാഗം മക്കയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ ഖാലിദ് അൽ ഖൈതാൻ പറഞ്ഞു. കെ-9 ഇനത്തിൽ പെട്ട പോലീസ് നായ്ക്കൾക്ക് അര ലക്ഷം റിയാലാണ് വില. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മറ്റു നിരോധിത വസ്തുക്കളും കണ്ടെത്തുന്നതിൽ 90 ശതമാനം കൃത്യതയോടെ പ്രവർത്തിക്കാൻ പോലീസ് നായ്ക്കൾക്ക് സാധിക്കും. ശൈത്യ കാലത്ത് രണ്ടു മണിക്കൂറും വേനൽക്കാലത്ത് മുക്കാൽ മണിക്കൂറും വീതമാണ് പോലീസ് നായ്ക്കളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. പരമാവധി എട്ടു വർഷമാണ് പോലീസ് നായ്ക്കളുടെ സേവനം പ്രയോജനപ്പെടുത്തുക.
 

Latest News