ബംഗളുരു- കര്‍ണാടകയില്‍ ലോക്‌സഭാ സീറ്റുകള്‍ ബിജെപി തൂത്തൂവാരിയതോടെ ഞെട്ടിയ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമിയില്‍ വിശ്വാസമര്‍പ്പിച്ച് കാലാവധി പൂര്‍ത്തിയാക്കുമെന്ന്. മാസങ്ങളായി ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടിയത്. ഇതോടെ വീണ്ടും തര്‍ക്കങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ചു മുന്നോട്ടു പോകാനാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സഖ്യ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി കുമാരസ്വാമിയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നുവെന്ന് മന്ത്രിസഭ വ്യക്തമാക്കി. സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് രണ്ടു പാര്‍ട്ടികളുടേയും സംയുക്ത നേതൃയോഗത്തില്‍ നിലപാടെടുത്തു.
ബിജെപിയുടെ ചാ്ക്കിട്ടുപിടുത്ത ഭീഷണി ശക്തമായിരിക്കെ സഖ്യസര്‍ക്കാരിനെ സംരക്ഷിക്കാനും ഭരണം തുടരാനുമുള്ള പദ്ധതികളെ കുറിച്ചാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച നടന്നത്.
28 ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വെറും രണ്ടു സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഉപതെരഞ്ഞെടുപ്പു നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്ന് കോണ്‍ഗ്രസിന് നഷ്ടമാകുകയും ചെയ്തു. ഇരു പാര്‍ട്ടികളുടേയും സമുന്നത നേതാക്കളും കനത്ത പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്‌ലി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്.ഡി ദേവഗൗഡ, ചെറുമകന്‍ നിഖില്‍ ഗൗഡ എന്നിവരാണ് തോറ്റ പ്രമുഖര്‍. ഗൗഡയുടെ തട്ടകമായ ഹാസനില്‍ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണ ജയിച്ചെങ്കിലും മുത്തശ്ശനു വേണ്ടി എംപി സ്ഥാനം രാജിവച്ചിരിക്കുകയാണ്.
കനത്ത തിരിച്ചടിക്കു പിന്നാലെ ജെഡിഎസുമായുള്ള സഖ്യ ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് സ്വരമുയര്‍ന്നിരുന്നു. ജെഡിഎസാണ് കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിനു കാരണമെന്നും ആരോപണമുയര്‍ന്നു. ഇതിനിടെ ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി പദം ഒഴിയാന്‍ കുമാരസ്വാമി സന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇടപെട്ട് കുമാരസ്വാമിയെ അനുനയിപ്പിക്കുകയും കാലാവധി പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ത്ഥിക്കുയുമായിരുന്നു എന്നാണ് റിപോര്‍ട്ട്. സര്‍ക്കാരിനെ താന്‍ നയിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രമെങ്കില്‍ രാജിവെക്കാന്‍ മാനസികമായി ഒരുക്കമാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി നിലപാട് അറിയിച്ചു. എന്നാല്‍ രാജി എന്നത് അടഞ്ഞ അധ്യായമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തോട് പറയുകയായിരുന്നു.