ലണ്ടന്‍- യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനെ ഒഴിവാക്കിക്കിട്ടുന്നതിനുള്ള പദ്ധതി വിജയം കാണാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിനു സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തു വൈകാരികമായി നടത്തിയ പ്രസ്താവനില്‍ മേ പ്രഖ്യാപിക്കുകയായിരുന്നു. ബ്രെക്‌സിറ്റ് സാധ്യമാക്കുന്നതില്‍ പരാജയപ്പെട്ടതിലുള്ള അതിയായ ഖേദം അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. തരേസ മേ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വപദവിയില്‍ നിന്ന് മാറുന്നതോടെ പുതിയ നേതാവിനെ കണ്ടെത്താനുള്ള ആഴ്ചകള്‍ നീളുന്ന നടപടികള്‍ക്കു ജൂണ്‍ ഏഴിനു ശേഷം തുടക്കമാകും. പുതിയ നേതാവിനെ കണ്ടെത്തുന്നതു വരെ മേ കാവല്‍ പ്രധാനമന്ത്രിയായി തുടരും.
2016-ലാണ് ബ്രിട്ടീഷുകാര്‍ വോട്ടെടുപ്പിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരാന്‍ തീരുമാനിച്ചത്. ഈ പ്രക്രിയയെ ബ്രെക്‌സിറ്റ് എന്നു വിശേഷിപ്പിക്കുന്നു. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയുന്നതെല്ലാം ചെയ്‌തെങ്കിലും നടക്കാത്തതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും മേ പറഞ്ഞു.
കരട് ബ്രെക്‌സിറ്റ് കരാറില്‍ മാറ്റങ്ങള്‍ വരുത്തി നാലാം തവണ പാര്‍ലമെന്റില്‍ വോട്ടിനിടാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ രാജി. ഈ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണ് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനു സമയം നല്‍കിയിരിക്കുന്നത്. ജൂണ്‍ ആദ്യ വാരം വീണ്ടും വോട്ടിനിടാനിരിക്കുന്ന ഈ കരാറിന് എംപിമാരുടെ പിന്തുണ നേടിയെടുക്കാന്‍ മേയ്ക്കു കഴിഞ്ഞിട്ടില്ല.