വാഷിംഗ്ടണ്‍- അമേരിക്കന്‍ നയനിലപാടുകളുടെ പിന്നാമ്പുറ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ലോകത്തെ ഞെട്ടിച്ച വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരെ യു.എസ് നീതിന്യായ വകുപ്പ് പുതിയ കുറ്റങ്ങള്‍ ചുമത്തി. 2010ല്‍ സൈനിക, നയതന്ത്ര ഫയലുകള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ പത്രപ്രവര്‍ത്തകനാണെന്ന വാദം തള്ളിയാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. യു.എസ് ചാരവൃത്തി നിയമം ലംഘിച്ചുവെന്ന് വ്യക്തമാക്കിയ നീതിന്യായ വകുപ്പ് 17 പുതിയ ആരോപണങ്ങളാണ് അസാഞ്ചിനുമേല്‍ ചുമത്തിയിരിക്കുന്നത്.
അമേരിക്കയുടെ രഹസ്യ ഫയലുകള്‍ കവരുന്നതിന് ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സിയ മാനിംഗുമായി ഗൂഢാലോചന നടത്തുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മിഡില്‍ ഈസ്റ്റിലേയും ചൈനയിലെയും രഹസ്യ വിവരങ്ങളുടെ സ്രോതസ്സുകള്‍ വെളിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ചെല്‍സിയ മാനിംഗില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന അസാഞ്ചിന്റെ വാദം നീതിന്യായ വകുപ്പ് തള്ളി. ഇതോടെ അസാഞ്ചിനെതിരെ 18 കുറ്റങ്ങളായി. പത്രസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന യു.എസ് ഭരണഘടനയിലെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടിയാണ് അസാഞ്ച് തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.
യു.എസ് മുന്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സിയ മാനിംഗ്.
പതിനായിരക്കണക്കിനു രഹസ്യ ഫയലുകള്‍ ചോര്‍ത്തുന്നതിന് അസാഞ്ച് ചെല്‍സിയ മാനിംഗുമായി ഗൂഢാലോചന നടത്തിയെന്ന് പുതുതായി ചുമത്തിയ കുറ്റത്തില്‍ പറയുന്നു. അമേരിക്കക്ക് ആഘാതമേല്‍പിക്കുമെന്നും വിദേശ രാഷ്ട്രത്തിനു നേട്ടമാകുമെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് ചെയ്തതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, സറിയ, ഇറാഖ്, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക രഹസ്യ സ്രോതസ്സുകള്‍ വെളിപ്പെടുത്തരുതെന്ന് 2010 ല്‍ യു.എസ് വിദേശകാര്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പ് അസാഞ്ച് നിരാകരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പത്രപ്രവര്‍ത്തകര്‍, മത നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിമത രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണ് ഈ സ്രോതസ്സുകള്‍.
അസാഞ്ചിന്റെ നടപടികള്‍ അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഗുരുതരമായ ആഘാതമേല്‍പിക്കുകയും ഞങ്ങളുടെ ശത്രക്കള്‍ക്ക് നേട്ടമാകുകയും ചെയ്തു. ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തിയതോടെ അവര്‍ ആക്രമിക്കപ്പെടാനോ ജയിലിലടക്കപ്പെടാനോ അവസരമൊരുക്കി. ഞങ്ങളുടെ ജനാധിപത്യത്തില്‍ പത്രപ്രവര്‍ത്തകരുടെ പങ്ക് ഗൗരവത്തോടെ തന്നെയാണ് കാണുന്നത്- മാധ്യമ പ്രവര്‍ത്തകനാണെന്ന അസാഞ്ചിന്റെ വാദം നിരകാരിച്ചുകൊണ്ട് അസി. അറ്റോര്‍ണി ജനറല്‍ ജോണ്‍ ഡെമേഴ്‌സ് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പൗരനായ ജൂലിയന്‍ അസാഞ്ച് ഇപ്പോള്‍ ബ്രിട്ടനില്‍ ജയിലിലാണ്. 11 മാസത്തെ ജയില്‍ ശിക്ഷക്കുശേഷം മോചിതനാകുന്ന 47 കാരനായ അസാഞ്ചിനെ അമേരിക്കക്ക് കൈമാറുമെന്നാണ് കരുതുന്നു. ചാരവൃത്തി നിയമ ലംഘനത്തില്‍ വിട്ടുകിട്ടണമെന്ന് അമേരിക്ക ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടണ്ട്. പുതിയ കുറ്റാരോപണങ്ങള്‍ കേസിനെ സങ്കീര്‍ണമാക്കിയിരിക്കെ, ബ്രിട്ടീഷ് സര്‍ക്കാര്‍ അമേരിക്കയുടെ അഭ്യര്‍ഥന തള്ളുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ആരോപണങ്ങള്‍ തള്ളിയ വിക്കിലീക്കസ് ഇത് റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായ ഭീഷണിയാണെന്ന് പ്രതികരിച്ചു. യു.എസ് നീതിന്യായ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഭ്രാന്തന്‍ നടപടി ദേശസുരക്ഷയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തനത്തിന്റേയും ഒന്നാം ഭേദഗതിയുടേയും അന്ത്യമാണെന്ന് വിക്കിലീക്ക്‌സ് ട്വീറ്റ് ചെയ്തു. മാധ്യമ അവകാശ ഗ്രൂപ്പുകളും അമേരിക്കന്‍ നടപടിയോട് രൂക്ഷമായാണ് പ്രതികരിച്ചത്.
പത്രസ്വാതന്ത്ര്യത്തിനും അന്വേഷണാത്മക മാധ്യമപ്രര്‍ത്തനത്തിനുമെതിരായ നേരിട്ടുള്ള ഭീഷണിയാണ് ജൂലിയന്‍ അസാഞ്ചിനെ യു.എസ് ചാരവൃത്തി നിയമ ലംഘനം ആരോപിച്ച നടപടിയെന്ന് റിപ്പോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ് പ്രതികരിച്ചു. പൊതുജനങ്ങളെ വിവരം അറിയിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന വെല്ലുവിളിയാണിത്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ അമേരിക്കയുടെ നടപടികള്‍ ശക്തമാക്കുന്നതാണ് പുതിയ തീരുമാനം. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സര്‍ക്കാര്‍ മാനിംഗ് ഉള്‍പ്പെടെ, രഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും മാധ്യമ സ്വാതന്ത്ര്യവുമായുള്ള ഏറ്റമുട്ടല്‍ ഒഴിവാക്കിയിരുന്നു.