കോയമ്പത്തൂർ- ജസ്റ്റിസ് കർണൻ കോയമ്പത്തൂരിൽ അറസ്റ്റിലായി. ഒന്നര മാസ ത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. ഇക്കഴിഞ്ഞ 12 ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച കർണൻ എവിടെയായിരുന്നുവെന്ന് വിവരമുണ്ടായിരുന്നില്ല. തമിഴ്‌നാട്, പശ്ചിമബംഗാൾ പോലീസിന്റെ സംയുക്ത സംഘമാണ് കർണനെ അറസ്റ്റ് ചെയ്തത്. മരമിച്ചം എന്ന സ്ഥലത്ത് താമസിച്ചു വരികയായിരുന്നു. പ്രാഥമിക നടപടികൾക്കു ശേഷം കർണനെ കൊൽക്കത്തയിലേക്ക് കൊണ്ടുപോവും.
കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ആറു മാസം തടവ് വിധിച്ച കർണൻ ഇതുവരെ ഒളിവിലായിരുന്നു. മെയ് ഒമ്പതിനാണ് കർണനെ ജയിലിലടക്കാൻ സുപ്രീം കോടതി വിധിക്കുന്നത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കേ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും സിറ്റിംഗ് ജഡ്ജിമാർക്കും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും നിയമ മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിനും സുപ്രീം കോടതി രജിസ്ട്രാർക്കും കത്തയച്ചതോടെയാണ് കർണൻ വിവാദ നായകനായത്.അഴിമതിയും ജാതി വിവേചനവും ജഡ്ജിമാർക്കിടയിലുണ്ടെന്നും ദളിതനായതിനാൽ തന്നോട് വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടി റദ്ദാക്കിയും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു.
തന്റെ അധികാര പരിധിയിൽ കൈകടത്തരുതെന്ന് സുപ്രീം കോടതിയോട് പറയാനും അദ്ദേഹം ധൈര്യം കാട്ടി. തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ സുപ്രീം കോടതി ജഡ്ജിമാരുടെ യാത്ര വിലക്കിക്കൊണ്ടും അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് മോശം പെരുമാറ്റത്തെ തുടർന്ന് കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയത്. കർണനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാനസിക നില പരിശോധിക്കണമെന്ന സുപ്രീം കോടതി നിർദേശത്തെയും പുഛിച്ചു തള്ളി. അതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. തുടർന്നാണ് അദ്ദേഹത്തിനെതിരെ അറസറ്റ് വാറന്റ് പുറപ്പെടുവിച്ചത്.