ന്യൂദല്‍ഹി- വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും നരേന്ദ്ര മോഡി സര്‍ക്കാര്‍. രാജ്യത്തു വീശിയടിച്ച മോഡി തരംഗത്തില്‍ 300 ലധികം സീറ്റുകളോടെ ബി.ജെ.പിക്കു തനിയെ കേവല ഭൂരിപക്ഷവും എന്‍.ഡി.എക്കു 2014 ലേതിലും വലിയ വിജയവും നേടാനായി. കേരളത്തില്‍ 20 ല്‍ 19 സീറ്റുകളോടെ യു.ഡി.എഫിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സ്വന്തമായി.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആന്ധ്രപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഒഡീഷയില്‍ ബി.ജെ.ഡിയും അരുണാചല്‍ പ്രദേശില്‍ ബി.ജെ.പിയും കേവല ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചു. സിക്കിമില്‍ പ്രതിപക്ഷ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് (എസ്.കെ.എം) മുന്നില്‍. ഭരണ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്.കെ.എഫ്) തൊട്ടടുത്തുണ്ട്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും സിക്കിമില്‍ കനത്ത തിരിച്ചടിയാണ്.
ബുധനാഴ്ചയോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആലോചന. ഔദ്യോഗിക ഫലപ്രഖ്യാപനം പൂര്‍ത്തിയായ ശേഷം ഇന്നോ നാളെയോ മന്ത്രിസഭാ രൂപീകരണത്തിനു മോഡിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിക്കും. രാഷ്ട്രപതി ഭവനു മുന്നിലെ വിശാല അങ്കണത്തില്‍ 2014 ലേതു പോലെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമായി നടത്തുമെന്നാണ് സൂചന.
കക്ഷിനില
ആകെ 542
എൻ.ഡി.എ 349
യു.പി.എ 93
മറ്റുള്ളവർ 100
----------------------------------
പ്രധാന കക്ഷികൾക്ക്
ലഭിച്ച സീറ്റുകൾ
ബി.ജെ.പി 303
കോൺഗ്രസ് 52
വൈ.എസ്.ആർ 22
ഡി.എം.കെ 23
ടി.എം.സി 22
ശിവസേന 18
ജെ.ഡി.യു 16
ബി.ജെ.ഡി 12
ബി.എസ്.പി 10
എസ്.പി 5
എൻ.സി.പി 4
സി.പി.എം 3
മുസ്‌ലിം ലീഗ് 3
സി.പി.ഐ 2