Sorry, you need to enable JavaScript to visit this website.

അത്ഭുത താരമായി രാഘവൻ

കോഴിക്കോട് - കേരളത്തിൽ യു ഡി എഫ് ലോക്‌സഭാ സ്ഥാനാർഥികളിൽ ഒരു പക്ഷേ ഏറ്റവും ആദ്യം പ്രചാരണം തുടങ്ങിയത് എം കെ രാഘവനായിരുന്നു. കാരണം മറ്റിടങ്ങളിലെല്ലാം ആരാണ് സ്ഥാനാർഥിയെന്നതിൽ ആശങ്ക നിലനില്ക്കുമ്പോൾ കോഴിക്കോട് കോൺഗ്രസിന്റെ മുന്നിൽ മറ്റൊരു പേരുണ്ടായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള യു ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുമ്പ് വികസന യാത്രയുമായി കളം പിടിച്ച എം കെ രാഘവനെ കെട്ടു കെട്ടിക്കാൻ എല്ലാ അടവും പുറത്തെടുത്ത ഇടതുപക്ഷ പ്രചാരണം ഫലം കണ്ടില്ലെന്നാണ് ഫലം തെളിയിക്കുന്നത്. തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷവുമായി രാഘവൻ വീണ്ടും കോഴിക്കോട്ടുകാരുടെ സ്വന്തം രാഘവേട്ടനായി മാറിയത്. 
കണ്ണൂരിലെ അഗ്രീൻകോ സഹകരണസംഘവുമായി ബന്ധപ്പെട്ട അഴിമതി മുതൽ അവസാനം ഉണ്ടായ ഒളി ക്യാമറ ഓപ്പറേഷൻ വരെ രാഘവനെതിരെ കളിച്ച കളിയെല്ലാം പയറ്റിയിട്ടും ഈ മൂന്നാം അങ്കക്കാരന്റെ ഭൂരിപക്ഷത്തിൽ തൊടാൻ പറ്റിയില്ല. എന്നു മാത്രല്ല. കഴിഞ്ഞ തവണ ലഭിച്ച പതിനേഴായിരത്തിന്റെ ഭൂരിപക്ഷം 85760 ആക്കി ഉയർത്തിയാണ് എം കെ രാഘവൻ മൂന്നാമതും കോഴിക്കോടിന്റെ ജനപ്രതിനിധിയായത്. 
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം വച്ചു നോക്കിയാൽ ഇടതുപക്ഷത്തിന്റെ സ്വന്തം മണ്ഡലമാണ് കോഴിക്കോട്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ കുറ്റിയാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളൊഴികെ എല്ലാം പ്രതിനിധീകരിക്കുന്നത് ഇടത് അംഗങ്ങളാണ്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വിവിധ പാറ്റേണിൽ വോട്ടു ചെയ്യുന്ന കോഴിക്കോട്ടുകാരുടെ പതിവു തെറ്റിക്കാനായാണ് ഇത്തവണ ജനകീയ അടിത്തറയുള്ള എ പ്രദീപ് കുമാർ എംഎൽഎയെ സി പി എം രംഗത്തിറക്കിയത്. ഏതു പ്രതികൂല സാഹചര്യത്തിലും, ഉറച്ച ഇടതു മണ്ഡലമായ എലത്തൂരിൽ ഇടതുപക്ഷം വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും അവിടെയും നാമമാത്രമായ മൂന്നു വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് രാഘവൻ കോഴിക്കോട്ടെ മികച്ച ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്കു പോകുന്നത്. രാഘവനെ കെട്ടുകെട്ടിക്കാനിറങ്ങിയ പ്രദീപ് കുമാറിന് സ്വന്തം നിയമസഭാ മണ്ഡലത്തിൽ പോലും ലീഡ് നേടാനായില്ല. കോഴിക്കോട് നോർത്തിൽ 4558 വോട്ടിന് രാഘവനാണ് ലീഡ്. മുമ്പു രണ്ടു തവണയും രാഘവനെ സഹായിച്ച കൊടുവള്ളി മണ്ഡലം ഇക്കുറിയും രാഘവന് മൃഗീയ ഭൂരിപക്ഷമാണ് നേടിക്കോടുത്തത്. 35917 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നു രാഘവൻ നേടിയത്. 
പ്രചാരണകാലത്ത് എം കെ രാഘവനെതിരെ ഡൽഹി കേന്ദ്രമായ സ്വകാര്യ ചാനൽ പ്രതിനികൾ പുറത്തുവിട്ട ഒളി ക്യമാറ ദൃശ്യങ്ങൾ ഏറെ വിവാദമായിരുന്നു. കോഴിക്കോട്ട് ഹോട്ടൽ തുടങ്ങാനായി സ്ഥലം ശരിയാക്കാൻ കമ്മിഷൻ ചോദിച്ചുവെന്നുമായിരുന്നു ആരോപണം. തെരഞ്ഞെടുപ്പു പ്രചാരണത്തിന് കോടികൾ ചെലവാകുമെന്നും പ്രവർത്തകർക്കു നൽകാൻ പണം തികയില്ലെന്നും രാഘവൻ പറഞ്ഞതായി ദൃശ്യങ്ങളിലുണ്ടായിരുന്നു. ദൃശ്യങ്ങളിൽ നിരവധി എഡിറ്റിംഗ് നടന്നുവെന്ന് ടാപ്പിൽ വ്യക്തമായിരുന്നു. ഇതേക്കുറിച്ച് രാഘവനും ഇടതു സ്ഥാനാർഥിക്കു വേണ്ടി ഡിവൈഎഫ് ഐ നേതാവ് പി എ മുഹമ്മദ് റിയാസും തെരഞ്ഞെടുപ്പു കമ്മിഷനും പൊലീസിനും നൽകിയ പരാതിയിൽ നടപടികൾ പുരോഗമിക്കുകയാണ്. വോട്ടെടുപ്പിനു തൊട്ടു തലേന്ന് രാഘവനെതിരെ നടക്കാവ് പൊലീസ് കേസെടുത്തത് വലിയ ആരോപണങ്ങളുയർത്തുകയും ചെയ്തിരുന്നു. അഗ്രീൻകോ സഹകരണസംഘവുമായി ബന്ധപ്പെട്ട പഴയ അഴിമതിക്കേസ് ആദ്യഘട്ടത്തിൽ സജീവമായി ഉയർത്തിയ ഇടതുപക്ഷം പിന്നീട് അതിൽ പിടിച്ചു കയറിയില്ലെന്നതും ശ്രദ്ധേയമായിരുന്നു.
രാഘവൻ ആദ്യ ഘട്ടത്തിൽ വിജയ പ്രതീക്ഷ പുലർത്തിയെങ്കിലും ഒളി ക്യമാറ വിവാദം അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. ആത്മവിശ്വാസം ചോർന്ന അദ്ദേഹത്തിന് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വമാണ് പിടിവള്ളിയായത്.തനിക്കെതിരെ നടക്കുന്ന നിരന്തരം വേട്ടയാടലിന്റെയും ഗൂഢാലോചനയുടെയും ഫലമാണ ഒളിക്യാമറ സംഭവം എന്നു പറഞ്ഞ രാഘവൻ, ജനങ്ങൾ മറുപടി നൽകുമെന്നായിരുന്നു കണ്ണീർ തൂകിക്കൊണ്ട് വാർത്താ ലേഖകരോടു പറഞ്ഞത്. മുക്കാൽ ലക്ഷത്തിനു മേൽ ഭൂരിപക്ഷത്തോടെ വിജയിയായപ്പോഴും രാഘവൻ ചിരിച്ചു കൊണ്ടു പറഞ്ഞത് അതു തന്നെയാണ്. തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിച്ചവർക്കുള്ള ജനകീയ മറുപടിയാണിതെന്നായിരുന്നു രാഘവൻ ആദ്യ പ്രതികരണം. 
ഇടതുമന്ത്രിസഭയിൽ രണ്ടു മന്ത്രിമാരും ആറ് ജനപ്രതിനധികളുമുള്ള ജില്ലയിൽ യു ഡി എഫുകാരനായ എം പിയെ ഏതു വിധേനെയും പരാജയപ്പെടുത്താനുള്ള സിപിഎം മോഹത്തെ രാഘവൻ വൻ മാർജിനിലാണ് കീഴടക്കിയത്. ഇതുവഴി വ്യക്തിപരമായും രാഷ്ട്രീയപരമായും വലിയ മേൽക്കയ്യാണ് രാഘവനും യു ഡി എഫും കോഴിക്കോട്ട് ജില്ലയിൽ നേടിയിരിക്കുന്നത്. ഔദ്യോഗിക പരിപാടികളിൽ എംപിക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് യു ഡി എഫ് കേന്ദ്രങ്ങളും രാഘവൻ തന്നെയും പലതവണ പരാതി ഉയർത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ള ഇടതുമുന്നണിയുടെ ഈ നീക്കങ്ങളെല്ലാം എവിടെയുമെത്താതെ പോയി എന്നതാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

Latest News