Sorry, you need to enable JavaScript to visit this website.

അമരക്കാരൻ അമിത്ഷായുടെ അടുത്ത റോൾ എന്തായിരിക്കും?

ന്യൂദൽഹി- അമിത് ഷായേയും നരേന്ദ്ര മോഡിയേയും ആധുനിക കാലത്തെ ദുര്യോധനനും ദുശ്ശാസനനും എന്നു വിശേഷിപ്പിച്ചത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. നിലവിൽ ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ അംഗമാണ് ബി.ജെ.പി അധ്യക്ഷനും മോഡിയുടെ വലംകൈയുമായ അമിത്ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രംഗത്തിറങ്ങിയ അമിത്ഷാ ലക്ഷ്യം വെക്കുന്നത് വീണ്ടും അധികാരത്തിലെത്തുമ്പോൾ സുപ്രധാന വകുപ്പ് തന്നെയാണ്. നിലവിൽ പാർട്ടിയിലെ അന്തിമവാക്ക് അമിത്ഷായും സർക്കാരിൽ മോഡിയുമായിരുന്നു. 
ഗുജറാത്ത് രാഷ്ട്രീയത്തിൽ മോഡി ഒന്നുമല്ലാത്ത കാലത്ത് കൈപിടിച്ച് കൂടെ കൂടിയതാണ് അമിത്ഷാ. പിന്നീടിങ്ങോട്ട് പ്രതിസന്ധി ഘട്ടങ്ങളിലും വിജയാവേശങ്ങളിലും ഒപ്പം നിന്ന് മോഡിക്ക് തന്ത്രങ്ങൾ ഉപദേശിക്കുന്ന ചാണക്യ സ്ഥാനമാണ് അമിത്ഷായ്ക്ക്. രാജ്യ തലസ്ഥാനം കേന്ദ്രമാക്കി ബി.ജെ.പിയുടെ അപ്രധാന പദവികളിൽ ഒതുങ്ങുമ്പോഴും വലിയ ആകാശം സ്വപ്‌നം കണ്ട മോഡിക്കൊപ്പം അമിത്ഷായും പറ്റിയ സമയത്തിനായി കാത്തിരുന്നു.
 1991 ൽ മുരളീ മനോഹർ ജോഷിയുടെ ഏകതാ യാത്രക്ക് സാരഥ്യം വഹിക്കാൻ അന്നത്തെ കരുത്തനായ പ്രമോദ് മഹാജനെയായിരുന്നു ബി.ജെ.പി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ചുമതല ഏറ്റെടുക്കാൻ മഹാജൻ വിമുഖത പ്രകടിപ്പിച്ചു. അവസരം കാത്തുനിന്ന മോഡിയാകട്ടെ ഒരു നിമിഷം പാഴാക്കാതെ നിയോഗം ഏറ്റെടുക്കാൻ തയ്യാറായി. എന്നാൽ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ അന്നത്തെ ഗ്രൂപ്പ് സമവാക്യങ്ങളിൽ സ്ഥാനമില്ലാതിരുന്ന മോഡിയെ അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ഇതോടെ പ്രതിസന്ധിയിലായ മോഡിക്ക് താങ്ങായതും അമിത്ഷാ തന്നെ. കുരുക്ക് നീക്കി മോഡിയെ മുന്നിലേക്ക് നയിച്ച് ഏകതാ യാത്ര വലിയ വിജയമാക്കി തീർത്തതോടെ ദൃഢമായ ബന്ധം ഇന്നും ശക്തമായി തുടരുന്നു.
അതു കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. വിമതരും ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളുമൊക്കെ മോഡിക്കെതിരേ ഒന്നിച്ചെങ്കിലും അമിത്ഷായുടെ തന്ത്രങ്ങൾക്ക് മുന്നിൽ നിഷ്പ്രഭമായി.  മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ കണ്ണും കാതുമായ അമിത്ഷാ വർഷങ്ങൾക്കിപ്പുറത്ത് പ്രധാനമന്ത്രിയായ മോഡിക്കും സാരഥിയായി ഒപ്പമുണ്ടെന്നതാണ് രാഷ്ട്രീയ കൗതുകം. രാഷ്ട്രീയ പ്രതിയോഗികൾക്കൊപ്പം സ്വന്തം പക്ഷത്ത്‌നിന്നുള്ള ആക്രമണവും തടയാൻ അമിത്ഷാ കാണിക്കുന്ന ജാഗ്രതയാണ് മോഡിയുടെ നിലനിൽപ്പിന് ആധാരം.    
ഗുജറാത്തിലെ കൂട്ടുകുടുംബ ഭദ്രതയിൽ ജീവിതം പഠിച്ച അമിത് ഷാ ഘടകകക്ഷികളെ മെരുക്കിയതോടൊപ്പം എതിരാളികൾക്കെതിരേ തന്ത്രം മെനഞ്ഞ് ജാഗ്രത പാലിച്ചതോടെയാണ് മോഡിക്ക് അഞ്ച് വർഷം തടസ്സങ്ങളേതുമില്ലാതെ സർക്കാറിനെ നയിക്കാൻ സാധിച്ചത്. ഗുജറാത്തിലെ ബിസിനസ് കുടുംബത്തിലാണ് അമിത്ഷായുടെ ജനനം. ചെറുപ്രായത്തിലേ സ്വായത്തമാക്കിയ കുടുംബ ബിസിനസിന്റെ സങ്കീർണഘടനയിലൂന്നിതന്നെയാണ് അമിത്ഷാ രാഷ്ട്രീയ മേഖലയിലും തന്ത്രങ്ങൾ മെനയുന്നതും പ്രാവർത്തികമാക്കുന്നതും. സഹകരണ പാഠങ്ങളുടെ പിൻബലത്തിൽ സംസ്ഥാന ഭരണം ഒന്നൊന്നായി അമിത് ഷാ വെട്ടിപ്പിടിച്ചു. ആശയപരമായ സാഹചര്യങ്ങളാൽ അടുക്കാൻ കൂട്ടാക്കാത്തവരെ പണമെറിഞ്ഞ് കൂടെ നിർത്തി.
രാഷ്ട്രീയപരമായി സ്വാധീനമില്ലാത്ത മേഖലകളിലും ഇതേ മാർഗം തന്നെ സ്വീകരിച്ചു. മോഡിയുടെ അഞ്ചു വർഷത്തെ ഭരണ കാലയളവിനുള്ളിൽ രാജ്യ ഭൂപടം കാവിനിറമാർന്നതായി. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അപ്രതീക്ഷിത വിജയങ്ങൾ സ്വന്തമാക്കി അവസാന കാലത്ത് ഹൃദയ ഭാഗങ്ങളിലടക്കം നീല നിറമാർന്നെങ്കിലും തോറ്റ്‌കൊടുക്കാൻ അമിത്ഷായ്ക്ക് മനസില്ല. 
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തർപ്രദേശിന്റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറിയായിരുന്നു അമിത്ഷായെങ്കിൽ ഇത്തവണ ബി.ജെ.പി ദേശീയ പ്രസിഡന്റ് എന്ന നിലയിൽ അവസാനവാക്കാണ്. എതിർപ്പുയർത്താൻ അന്ന് ഒട്ടേറെ പേരുണ്ടായിരുന്നെങ്കിൽ ഇന്ന് പാർട്ടിയിൽ തിരുവായ്ക്ക് എതിർവായില്ല. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ അമിത്ഷാക്ക് തന്റെ തന്ത്രങ്ങൾ പ്രായോഗികതയിൽ വരുത്താൻ തടസങ്ങളൊന്നുമില്ല. 
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോഡിയെക്കാളേറെ ഭൂരിപക്ഷം ലഭിച്ചിട്ടും നേതാവിന് പിന്നിലൊതുങ്ങാൻ മാത്രം താൽപ്പര്യപ്പെട്ട ഷായുടെ കൗടില്യ ബുദ്ധി തന്നെയാണ് മോഡിയുടെ കരുനീക്ക വിജയങ്ങൾക്ക് ആധാരം. മോഡിയുടെ വിജയങ്ങൾക്ക് പിന്നിലെ കൗടില്യ ബുദ്ധിയായി മാറുമ്പോഴും മോഡിയോടുള്ളത് കുടുംബ കാരണവരോടുള്ള ബഹുമാനം. കുടുംബ ജീവിതം ത്യജിച്ച് ഒറ്റയാനായ മോഡിക്ക് വെട്ടൊന്ന് മുറി രണ്ടെന്നതാണ് തീരുമാനം. എന്നാൽ കൂട്ടുകുടുംബ സമവാക്യങ്ങൾ സ്വായത്തമാക്കിയ അമിത്ഷായാകട്ടെ വിട്ടുവീഴ്ചകളിലൂടെയും ഒത്തുതീർപ്പിലൂടേയും ആത്യന്തിക വിജയം നേടാനാണ് താൽപ്പര്യപ്പെടുന്നത്. 
വിട്ട്‌വീഴ്ച ചെയ്ത് ഒപ്പംനിർത്താൻ താൽപ്പര്യപ്പെടുമ്പോഴും മഹാരാഷ്ട്രയിൽ ശിവസേനയെ പാതിയും വിഴുങ്ങികഴിഞ്ഞതുപോലുള്ള ഉദാഹരണങ്ങൾ ഏറെയുണ്ട്.
കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് അമിത്ഷാ, ദൽഹിയിലെ ദീനദയാൽ ഉപാധ്യായ മാർഗിൽ കോർപ്പറേറ്റ് മാതൃകയിൽ ബി.ജെ.പിയുടെ അഞ്ച് നില കൂറ്റൻ കേന്ദ്ര ഓഫീസ് പണിതത്. നാലാംനിലയിലെ വിശാലതയിൽ അമിത്ഷാക്ക് മാത്രമായാണ് ഓഫീസ് സംവിധാനം. കേന്ദ്ര ഓഫീസിലെ ഓരോ ചലനങ്ങളും നാലാംനിലയിൽ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് മറ്റ് ഭാരവാഹികൾക്കും വ്യക്തം.
 

Latest News