ന്യൂദൽഹി- ബി.ജെ.പി ഉയർത്തിവിട്ട പ്രചാരണകൊടുങ്കാറ്റിനെ മറികടക്കാനാകാതെ കോൺഗ്രസ് ഒരിക്കൽ കൂടി അധികാരത്തിൽനിന്ന് മാറ്റിനിർത്തപ്പെടുന്നതിനാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ നൽകുന്ന സൂചന. ഓരോ സംസ്ഥാനത്തിനും പറ്റിയ തരത്തിലുള്ള പ്രചാരണ തന്ത്രങ്ങളായിരുന്നു ബി.ജെ.പി ആവിഷ്‌കരിച്ചത്. അതേസമയം, കോൺഗ്രസ് ദേശീയ തലത്തിൽ നയം സ്വീകരിക്കുകയും ബി.ജെ.പിയുടെ പ്രചാരണത്തെ മറികടക്കാനാകാതെ തളരുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുൽവാമയിൽ സൈനികർ കൊല്ലപ്പെട്ട തീവ്രവാദി അക്രമണത്തെ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയായിരുന്നു ബി.ജെ.പി സർക്കാർ ഉപയോഗിച്ചത്. അതേസമയം, ഇക്കാര്യത്തിൽ കോൺഗ്രസ് നടത്തിയ പ്രചാരണത്തെ ദേശവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നതിൽ ബി.ജെ.പി വിജയിച്ചു. പുൽവാമക്ക് പകരം ബാലാക്കോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനെയും ബി.ജെ.പി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിച്ചു. ബാലാക്കോട്ടിൽ തെളിവു ചോദിച്ച കോൺഗ്രസിനെയും മറ്റു പ്രതിപക്ഷകക്ഷികളെയും ദേശവിരുദ്ധരാക്കുന്നതിലും ബി.ജെ.പി വിജയിച്ചു.
രാജ്യത്തുടനീളം കർഷക പ്രക്ഷോഭം നടന്നെങ്കിലും അത്തരം സംസ്ഥാനങ്ങളിലും ബി.ജെപിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ കോൺഗ്രസിനും പ്രതിപക്ഷത്തിനും സാധിച്ചില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷം ഒന്നിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും യു.പിയിൽ പോലും അത് പ്രാവർത്തികമായില്ല. കഴിഞ്ഞനിയമസഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും ഒന്നിച്ചുനിന്നെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുറത്തിരുത്തി സമാജ് വാദി പാർട്ടിയും ബി.എസ്.പിയും ഒന്നിച്ചുമത്സരിച്ചു. പല മണ്ഡലങ്ങളിലും വോട്ടുകൾ വിഭജിച്ചതോടെ ബി.ജെ.പിയുടെ വിജയം അനായാസമാകുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മുതൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമവുമായി മായാവതി ദൽഹിയിൽ തമ്പടിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വേളയിൽ നിരവധി തവണ കോൺഗ്രസ് സഖ്യശ്രമവുമായി എസ്.പിയെയും ബി.എസ്.പിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പശ്ചിമബംഗാളിലാകട്ടെ മമത ബാനർജിയുടെ തൃണമൂലിനെ തോൽപ്പിക്കാൻ കോൺഗ്രസും സി.പി.എമ്മും ചേർന്ന് ബി.ജെ.പിയെ പിന്തുണച്ചുവെന്ന് വാർത്തകൾ വരുന്നുണ്ട്.