നോയിഡ- പതിനൊന്നുകാരിയെ ഒരുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കുടുംബ സുഹൃത്തും അയല്‍ക്കാരനുമായ എന്‍ജിനീയര്‍ അറസ്റ്റില്‍. നോയിഡയിലെ സ്വകാര്യ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി കായികാധ്യാപകനോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 45 കാരനായ എന്‍ജിനീയര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.
പഠനത്തില്‍ സഹായിക്കുന്നുവെന്ന് പറഞ്ഞാണ് മകളെ പീഡിപ്പിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകന്‍ ഇടക്കിടെ സംശയങ്ങള്‍ ചോദിക്കാനും മറ്റും അയല്‍ വീട്ടില്‍ പോകാറുണ്ടായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയും പോയി തുടങ്ങിയത്.
പോലീസില്‍ പരാതി നല്‍കാനും മറ്റും ചൈല്‍ഡ് ഹെല്‍പ് ലൈന്‍ ഉദ്യോഗസ്ഥര്‍ കുടുംബത്തെ സഹായിച്ചു. സ്‌കൂള്‍ അധികൃതരും മാതാപിതാക്കളും മുന്നോട്ടു വന്നതുകൊണ്ടാണ് പ്രതി അറസ്റ്റിലായതെന്ന് സ്ത്രീകളേയും കുട്ടികളേയും സഹായിക്കുന്ന സന്നദ്ധ സംഘടനയായ എഫ്.എക്‌സ്.ബി ഇന്ത്യാ സുരക്ഷയുടെ പ്രോഗ്രാം മാനേജര്‍ സത്യപ്രകാശ് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്തതായും പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തിയതായും നോയിഡ ഫേസ് മൂന്ന് പോലീസ് സ്‌റ്റേഷനിലെ ആക്ടിംഗ് എസ്.എച്ച്.ഒ ഹരിനന്ദന്‍ ശര്‍മ പറഞ്ഞു.