ദോഹ- സ്‌കൂള്‍ അവധിക്കാലം തുടങ്ങുന്നതിന് മാസം മുമ്പേ ഖത്തറില്‍നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. ജെറ്റ് എയര്‍വേസ് സര്‍വീസ് പൂര്‍ണമായി നിലയ്ക്കുകയും ഇന്‍ഡിഗോയുടെ തിരുവനന്തപുരം, അഹമ്മദാബാദ് സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തതോടെയുണ്ടായ സീറ്റ് ദൗര്‍ലഭ്യമാണ് നിരക്ക് വര്‍ധനക്ക് കാരണം.
ജൂണ്‍ അവസാനവാരത്തില്‍ ഖത്തറില്‍ മധ്യവേനല്‍ അവധിക്കു സ്‌കൂള്‍ അടയ്ക്കുമ്പോഴാണ് സാധാരണ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുക. ഫെബ്രുവരി പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെ കേരളത്തില്‍ നിന്ന് ഖത്തറിലേക്കുള്ള ടിക്കറ്റുകള്‍ മുന്‍ വര്‍ഷങ്ങളില്‍ താഴ്ന്ന നിരക്കില്‍ ലഭ്യമായിരുന്നു. 350 റിയാല്‍ നിരക്കില്‍ കഴിഞ്ഞവര്‍ഷം വരെ ലഭ്യമായ കൊച്ചി-ദോഹ ടിക്കറ്റിന് ഇപ്പോള്‍ 800 റിയാല്‍ നല്‍കേണ്ട സ്ഥിതിയാണ്.
2018 സെപ്റ്റംബര്‍ പകുതി മുതല്‍ നവംബര്‍ അവസാനം വരെ 800 റിയാലിനു കൊച്ചിയില്‍നിന്നു ദോഹയിലെത്തി മടങ്ങാന്‍ കഴിയുമായിരുന്നു. അധികൃതര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ കേരള-ദോഹ സെക്ടറിലെ നിരക്ക് നാലിരട്ടി വരെ ഉയരാമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.