സ്വത്തു തര്‍ക്കം: യുവാവ് അച്ഛനെ കൊന്നു വെട്ടിനുറുക്കി 25 കഷണങ്ങളാക്കി

ന്യുദല്‍ഹി- സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തെ തുടര്‍ന്ന് കിഴക്കന്‍ ദല്‍ഹിയില്‍ 22കാരനായ യുവാവ് സ്വന്തം പിതാവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി 25 കഷണങ്ങളാക്കി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വീടിനു സമീപം മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി അമനെ ഒരു സുഹൃത്തിനൊപ്പം പോലീസ് പിടികൂടുകയായിരുന്നു. ഷാഹ്ദ്രയിലെ ഫറാഷ് ബസാറില്‍ ഒരു ചെറിയ കഫേ നടത്തി വരികയായിരുന്ന അമന്‍ 48കാരനായ അച്ഛന്‍ സന്ദേശ് അഗര്‍വാളുമായി സ്വത്തു രജിസ്‌ട്രേഷനെ ചൊല്ലി തര്‍ക്കത്തിലായിരുന്നു. ഭോലാനാധ് നഗറിലെ അച്ഛന്റെ സ്വത്ത് തന്റെ പേരില്‍ എഴുനല്‍കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഇതുന്നയിച്ച് ഇയാള്‍ അച്ഛനെ നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. 

കൊലപാതകം നടക്കുമ്പോള്‍ അമന്റെ സഹോദരനും അമ്മയും മണാലിയിലായിരുന്നു. ഏതാനും ദിവസങ്ങളായി അച്ഛനും അമനും വീട്ടില്‍ തനിച്ചായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരും വാഗ്വാദം ഉണ്ടായത്. ഇതിനിടെ അമന്‍ അച്ഛനെ ആക്രമിക്കുകയായിരുന്നു. പലതവണ കുത്തിയാണ് അച്ഛനെ പ്രതി കൊന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് മൃതദേഹം കൊണ്ടുപോയി കളയുന്നതിന് ഒരു സുഹൃത്തിന്റെ സഹായം തേടി. ഇരുവരും ചേര്‍ന്നാണ് മൃതദേഹം 25 കഷണങ്ങളാക്കിയത്. ശേഷം രണ്ടു ബാഗുകളിലാക്കി. രക്തപ്പാടുകളുള്ള രണ്ടു കവറുകള്‍ ഇരുവരും ചേര്‍ന്ന് കാറില്‍ കയറ്റുന്നത് ഒരു അയല്‍ക്കാരന്‍ തന്റെ ബാല്‍ക്കണിയില്‍ നിന്ന് കണ്ടതോടെയാണ് സംഭവം പുറത്തായത്. ഇദ്ദേഹം ഉടന്‍ പോലീസിനെ വിവരമറിയിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ വിവരമറിഞ്ഞ പോലീസ് ഉടന്‍ സ്ഥലത്തെത്തി ഇരുവരേയും കയ്യോടെ പിടികൂടുകയായിരുന്നു. ഫറാഷ് ബസാര്‍ പോലീസ് സ്റ്റേഷന്റേയും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ന്നും 300 മീറ്റര്‍ അകലെയാണ് ഈ കൊലപാതകം നടന്നത്.
 

Latest News