ന്യൂദല്‍ഹി- വോട്ടെണ്ണല്‍ ദിവസം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് രാഷ്ട്രപതി ബിജെപി ക്ഷണിക്കുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് പുതിയ തന്ത്രമൊരുക്കി. ബിജെപി സഖ്യത്തിന് 272 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ഫലപ്രഖ്യാപന ദിവസം എത്രയും നേരത്തെ സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ട്രഷറല്‍ അഹമദ് പട്ടേല്‍, മുതിര്‍ന്ന നേതാവ് അഭിഷേക് സിങ്‌വി എന്നിവര്‍ രാഹുലിന്റെ വീട്ടില്‍ നീണ്ട യോഗം ചേര്‍ന്നാണ് പുതിയ തന്ത്രം മെനഞ്ഞതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
ഈ ചര്‍ച്ചയുടെ തുടര്‍ച്ചയായി പാര്‍ട്ടിയുടെ നിയമ വിഭാഗം മേധാവിയായ അഭിഷേക് സിങ്‌വി ഏതെല്ലാം പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി ഇതര സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നതു സംബന്ധിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്. തൂക്കുസഭയ്ക്കാണ് സാധ്യത കാണുന്നതെങ്കില്‍ എത്രയും വേഗം രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരിന് അവകാശവാദമുന്നയിക്കാനാണ് നീക്കം. കര്‍ണാടകയില്‍ നടത്തിയ നീക്കത്തിനു സമാനമായ നീക്കമായിരിക്കും നടത്തുകയെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയായിരിക്കും കൈകൊള്ളുകയെന്നും നേതാക്കള്‍ പറയുന്നു.
കര്‍ണാടകയില്‍ സംഭവിച്ചതു പോലെ ആണെങ്കില്‍ പ്രധാനമന്ത്രി പദം മറ്റെതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്ക് നല്‍കിയ സര്‍ക്കാരിന്റെ ഭാഗമാകുക എന്നതായിരിക്കും കോണ്‍ഗ്രസ് പദ്ധതി. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി പദം സഖ്യകക്ഷിയായ ജെഡിഎസ് കൈമാറിയായിരുന്നു ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് തടഞ്ഞത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് നേരത്തെ തന്നെ ഗവര്‍ണറോട് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ ബിജെപിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടു.
സാധാരണ ഔദ്യോഗിക ഫലം തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനമിറക്കിയ ശേഷം രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നതു വരെ പാര്‍ട്ടികള്‍ കാത്തിരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന് അവകാശവാദമുന്നയിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ നീക്കം. ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാലും പ്രതിപക്ഷ പാര്‍ട്ടികളെ കൂടെ കൂട്ടി നിയമപരമായി സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ഒരു സ്ഥിര സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുയോജ്യമെന്ന് ബോധ്യമുള്ള ഒരു പാര്‍ട്ടിയേയോ ഒരു കൂട്ടം പാര്‍ട്ടികളേയോ ക്ഷണിക്കാന്‍ രാഷ്ട്രപതിക്ക് ഭരണഘടന അധികാരം നല്‍കുന്നുണ്ട്. വര്‍ഷങ്ങളായി ഏറ്റവും വലിയ ഒറ്റകക്ഷി അല്ലെങ്കില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപീകരിച്ച ഏറ്റവും വലിയ സഖ്യം എന്നിവരേയാണ് രാഷ്ട്രപതി ക്ഷണിച്ചു വന്നിട്ടുള്ളത്.