Sorry, you need to enable JavaScript to visit this website.

വാടക വീട്ടിലെ വിദ്യാർത്ഥികളും  പുത്തൂർ പള്ളിക്കലെ നാട്ടുകാരും

  ഡോ. കെ.ടി.ജലീൽ

കുട്ടികളെ ചെറു പ്രായത്തിൽ തന്നെ നോമ്പ് ശീലിപ്പിക്കുക എന്നത് അന്നും ഇന്നും വിശ്വാസികളായ രക്ഷിതാക്കളുടെ രീതിയാണ്. ചെറുപ്പത്തിൽ നോമ്പെടുത്ത് ശീലിച്ചതുകൊണ്ടാണ് പിന്നീട് അത് തുടർന്നു കൊണ്ടുപോകാൻ കഴിയുന്നത്. സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ടാണ് നോമ്പ് എടുത്ത് തുടങ്ങുന്നത്. എന്നാൽ എന്റെ പ്രായക്കാരായ, മൂത്താപ്പയുടെ മക്കൾ നേരത്തെ നോമ്പെടുക്കുന്നതായി കണ്ടിട്ടുണ്ട്. അവരെപ്പോലെ നോമ്പെടുക്കണമെന്നുളള ആഗ്രഹം സഫലമായത് പിന്നീടാണെന്ന് മാത്രം. വെള്ളിയാഴ്ച, ബദർ ദിനം, ഇരുപത്തിയേഴാം രാവ് തുടങ്ങിയ റമദാനിലെ വിശേഷ ദിനങ്ങളിൽ കുട്ടികളെ നോമ്പെടുപ്പിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ചേളാരിയിലെ സമസ്ത കാര്യാലയത്തിൽ താമസിച്ചു പഠിക്കുമ്പോഴാണ് റമദാന്റെ വിഭവങ്ങളുടെ രുചി അറിഞ്ഞത്. അന്ന് വീട്ടിൽ നിൽക്കുന്നതിനേക്കാളേറെ ഹോസ്റ്റലിൽ നിൽക്കാനാണ് തോന്നിയിട്ടുളളത്. പിന്നീട് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പഠിക്കുന്ന കാലത്ത് ഡോ. മുസ്തഫ കമാൽ പാഷയുടെ നേതൃത്വത്തിലുള്ള ഹോസ്റ്റലിലെ റമദാൻ വിഭവങ്ങളുടെ രുചി ഇന്നും നാവിൻ തുമ്പിലുണ്ട്.  അവിടെ അറുമുഖനെന്ന, ഞങ്ങൾ ആറു എന്നു വിളിക്കുന്ന പാചക്കാരനാണ് റമദാൻ വിഭവങ്ങൾ ഒരുക്കിയിരുന്നത്. ആറുവിന്റെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ്. ജീവിതത്തിൽ ഒരു പാചകക്കാരനെ സ്വന്തമാക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് അറുമുഖനെയാണ്.
പി.എസ്.എം.ഒ കോളേജിൽ എം.എ അവസാന വർഷം പഠിക്കുന്ന കാലത്ത് സ്റ്റഡി ലീവും റമദാൻ നോമ്പും ഒരുമിച്ചു വന്നു. പഠിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമുണ്ടായിരുന്ന ഞങ്ങൾ ഏഴു പേർ സ്റ്റഡി ലീവിനു വീട്ടിൽ പോകേണ്ടെന്നു തീരുമാനിച്ചു. യൂണിവേഴ്‌സിറ്റി ലൈബ്രറി ഉപയോഗപ്പെടുത്തി കമ്പൈയിൻഡ് സ്റ്റഡി നടത്താൻ ഞങ്ങൾ തീരുമാനിച്ചു. തുടർന്ന് പുത്തൂർ പള്ളിക്കലിൽ ഒരു വാടക വീട്ടിൽ താമസിച്ചു. നോമ്പിന് ഭക്ഷണം ഒരുക്കാൻ ഒരാളെ  ചുമതലപ്പെടുത്തിയെങ്കിലും ആ ഗ്രാമം ഞങ്ങളെ ഞെട്ടിച്ചു. ഓരോ ദിവസവും ഞങ്ങൾക്ക് വേണ്ടിയുള്ള നോമ്പുതുറയ്ക്ക് ആ നാട് മുഴുവൻ മത്സരിക്കുകയായിരുന്നു. ഓരോ ദിവസവും ഓരോ വീട്ടിൽ. വ്യത്യസ്തമായ ഭക്ഷണങ്ങളും പലഹാരങ്ങളുമായി നോമ്പുതുറ. സാധാരണ കോളേജ് വിദ്യാർഥികളോടു മുഖം തിരിക്കുകയാണു നാട്ടുകാർ ചെയ്യുക. എന്നാൽ പുത്തൂർ പള്ളിക്കൽ ഗ്രാമം ഹൃദ്യമായി ഞങ്ങളെ സ്വീകരിക്കുകയായിരുന്നു. ഓരോ റമദാൻ കാലവും ഈ നോമ്പുതുറ ഓർക്കാതെ കടന്നുപോകാനാകില്ല. അത്രയ്ക്കായിരുന്നു ആ നാടിന്റെ സ്വീകരണം. ഈ വീടുകളുമായി ഇപ്പോഴും അഭേദ്യമായ ഒരു ബന്ധമുണ്ടെന്നതാണു യാഥാർഥ്യം. പിന്നീട് തുടർ പഠനങ്ങൾക്ക് തിരൂരിലെ ഉമ്മയുടെ വീട്ടിലായിരുന്നു.  വല്യുമ്മയുടെ കൂടെയുള്ള റമദാൻ കാലവും ഏറെ രസകരവും ആനന്ദകരവുമായിരുന്നു.
നോമ്പുകാലത്തെ ഇഫ്താർ വിരുന്ന് വലിയ ഒരു സന്ദേശമാണ് നൽകുന്നത്. ദൽഹിയിൽ മുൻമന്ത്രി പി.എം. സഈദ് സാഹിബിന്റെ വസതിയിലൊരുക്കിയ ഇഫ്താറിലാണ് ഞാനാദ്യം പങ്കെടുത്തത്. ഇ.അഹമ്മദ് സാഹിബിന്റെ കൂടെയാണ് പോയത്. ദൽഹി രാഷ്ട്രീയക്കാരെ ആദ്യമായി കാണുന്നത് അവിടെ വെച്ചാണ്.   ജീവിതത്തിൽ വലിയ വഴിത്തിരിവായി ഞാനതിനെ കാണുന്നു.ജി. എം.ബനാത്ത്‌വാല, ഇബ്രാഹിം സുലൈമാൻ സേട്ട്,  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,  സി.കെ.പി. ചെറിയ മമ്മുക്കേയി തുടങ്ങിയവരോടൊത്തുളള നോമ്പ് തുറയും മറക്കാനാവില്ല.
നിയമസഭാ സമ്മേളനം നടക്കുന്ന കാലയളവിൽ തിരുവനന്തപുരത്തായാൽ നോമ്പുതുറ മിക്കപ്പോഴും പാളയം പള്ളിയിൽ നിന്നായിരിക്കും. അവിടത്തെ ഔഷധക്കഞ്ഞി കുടിച്ചാൽ പിന്നെ ഭക്ഷണത്തിനു മറ്റൊന്നും വേണ്ട. ശരീരത്തിനു ഉന്മേഷം തരുന്നതാണ് കഞ്ഞി. വിദ്യാർഥികളും തലസ്ഥാന നഗരി സന്ദർശിക്കാനെത്തിയവരുമാണ് ഇവിടെ അധികവും എത്തുന്നത്. ദിവസവും ആയിരക്കണക്കിനു പേർക്കു ഭക്ഷണം നൽകുന്നതിലുള്ള സംഘാടനം വ്യത്യസ്തമായ ഒന്നാണ്. ഒരിക്കൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണനും ഞങ്ങളോടൊപ്പം നോമ്പുതുറയ്ക്കു പാളയം പള്ളിയിൽ വന്നു. അദ്ദേഹം ആദ്യമായിട്ടാണ് ഒരു പള്ളിയിൽ കയറുന്നത്. അദ്ദേഹത്തിന് അത്ഭുതമായി. ഞങ്ങൾ നിസ്‌കരിക്കാൻ പോയപ്പോൾ അദ്ദേഹം പള്ളിക്കകത്ത് വിശ്രമിച്ചു. ഇത്രയും പേർക്കു ഭക്ഷണം ഒരുമിച്ചു നൽകുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് ഏറെ കൗതുകമായി. മാത്രമല്ല, മറ്റു സമുദായങ്ങളിൽപ്പെട്ട നിരവധി പേരും നോമ്പുതുറയ്ക്കായി ഇവിടെ എത്താറുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച നോമ്പുതുറയാണു പാളയം പള്ളിയിലേതെന്ന് പറയാൻ കഴിയും. എം.എൽ.എ ആയ സമയത്ത് മലബാറിലെ നമ്മുടെ പത്തിരിയും കോഴിക്കറിയും തിരുവനന്തപുരത്ത് കിട്ടാത്തത് വിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ എം.എൽ.എ ഹോസ്റ്റലിനടുത്തുളള കാസർകോട്ടെ അബ്ദുല്ലയുടെ ഹോട്ടലിൽ നിന്നുള്ള വിഭവങ്ങൾ ആശ്വാസമായി. മന്ത്രിയായതോടെ താമസം തിരുവനന്തപുരത്തായതിനാൽ വീട്ടിലെ വിഭവങ്ങൾ തന്നെ ലഭിക്കുന്നുണ്ട്.
മൂന്നു തരത്തിലുള്ള നോമ്പുതുറകളാണ് ഇന്ന് കേരള സമൂഹത്തിലുള്ളത്. ഒന്നു വീട്ടിലേത്. മറ്റൊന്നു പൊതു ഇടങ്ങളിലേത്. അടുത്തത് ഇഫ്താറുകളാണ്. പണ്ട് പുതിയാപ്ല സൽക്കാരങ്ങളാണുണ്ടാവുക. നോമ്പുതുറക്കു നാരങ്ങാവെള്ളവും തരിക്കഞ്ഞിയും പിന്നെ പത്തിരിയും ഇറച്ചിക്കറിയും ബീഫുമുണ്ടാകും. എന്നാൽ ഇന്ന് ഭൗതിക സാഹചര്യം ഒരുപാട് മാറി.    ആർഭാടങ്ങൾ കാണിക്കാനുള്ള ഇടങ്ങളായി നോമ്പുതുറ സൽക്കാരങ്ങൾ മാറുന്നു.  അത്യാർഭാട വിവാഹ സൽക്കാരങ്ങളും ഇഫ്താറുകളും ദൈവ മാർഗത്തിൽ നിന്നുള്ള വ്യതിചലനമാണെന്നാണ് ഇക്കാര്യത്തിൽ ഓർമിക്കേണ്ടത്. 
ഒമാനിലെ സലാലയിൽ ഗ്രേറ്റ് മോസ്‌കിലെ നോമ്പുതുറയും മറ്റൊരു മറക്കാനാകാത്ത അനുഭവമാണ്.

 

Latest News