ന്യൂദല്‍ഹി- വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനു മുമ്പ് വിവിപാറ്റ് യന്ത്രത്തിലെ സ്ലിപ്പുകള്‍ എണ്ണണമെന്ന 22 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിക്കളഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമെ വിവപാറ്റ് സ്ലിപ്പുകള്‍ എണ്ണൂവെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തിരിമറി നടന്നേക്കാമെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് 22 പ്രിതപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടത്. ഇക്കാര്യം പരിഗണിക്കാന്‍ സമയം തേടിയ കമ്മീഷന്‍ ഇന്നു യോഗം ചേര്‍ന്നാണ് ഇതു നിരസിച്ചത്. യോഗത്തില്‍ മൂന്ന് കമ്മീഷന്‍ അംഗങ്ങളും പങ്കെടുത്തു.
യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയാണ് 2017ല്‍ ബിജെപി അധികാരത്തിലെത്തിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിത്തിട്ടപ്പെടുത്തി വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുമായി ഒത്തുനോക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ചു ബൂത്തുകളിലെ വിവപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണി വോട്ടുകളുമായി ഒത്തു നോക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.