ശ്രീഹരിക്കോട്ട- ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബി വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒ വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതാണ് റിസാറ്റ് 2-ബി ഉപഗ്രഹം.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് രാവിലെ അഞ്ചരക്കാണ് 615 കിലോ ഭാരമുള്ള ഉപഗ്രഹവുമായി പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി-സി 46) കുതിച്ചത്. ഉപഗ്രഹ വിക്ഷേപണത്തിനായുള്ള 25 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു.
നിരീക്ഷണത്തിനു പുറമെ, കൃഷി, വനം, ദുരന്തനിവാരണത്തിനുള്ള പിന്തുണ തുടങ്ങിയ മേഖലകളില്‍ കൂടി സഹായകമാകുന്നതാണ് റഡാര്‍ ഇമേജിംഗ് സൈറ്റലൈറ്റ് -2ബി(റിസാറ്റ് 2-ബി). 2009 ല്‍ വിക്ഷേപിച്ച റിസാറ്റ്-രണ്ടിനു പകരമാണ് പുതിയ ഉപഗ്രഹം.
രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ വളരെ പ്രധാനപ്പെട്ട ദൗത്യമാണിതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ഭൗമ നിരീക്ഷണത്തില്‍ ഹൈ-ഫൈ ശേഷിയുള്ള ഉപഗ്രഹമാണിത്. രാത്രിയും പകലും മേഘാവൃതമായാലും ഭൂമിയുടെ ചിത്രങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന സിന്തറ്റിറ്റിക്ക് റഡാര്‍ ഉള്‍ക്കൊള്ളുന്നതാണ് റിസാറ്റ് 2-ബി. അഞ്ച് വര്‍ഷം ദൗത്യനിര്‍വഹണത്തിനുശേഷിയുള്ള ഉപഗ്രഹം സൈനിക നിരീക്ഷണത്തിനും സഹായകമാകുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
അതിര്‍ത്തിക്കപ്പുറത്ത് പാക്കിസ്ഥാനിലുള്ള ഭീകരരുടെ ക്യാമ്പുകള്‍ നിരീക്ഷിക്കാനും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കണ്ടെത്താനും ഇന്ത്യ ഉപയോഗിച്ചുവരുന്നത് നിലവില്‍ ഭ്രമണപഥത്തിലുള്ള റിസാറ്റ്- രണ്ടാണ്.
ശ്രീഹരിക്കോട്ടയില്‍നിന്ന് 72 ാമത് വിക്ഷേപണ ദൗത്യമാണ് ഇന്ന് വിജയകരമായി പൂര്‍ത്തീകരിച്ചത്. ആദ്യ ലോഞ്ച് പാഡില്‍നിന്നുള്ള 36 ാമത്തെ വിക്ഷേപണവുമാണ്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പി.എസ്.എല്‍.വി കുതിക്കുന്നത്. ജനുവരി 24 ന് മൈക്രസാറ്റ് ആര്‍, കലാംസാറ്റ് വി-2 എന്നിവ പി.എസ്.എല്‍.വി -സി 44 ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് എമിസാറ്റിനേയും 29 അന്താരാഷ്ട്ര കസ്റ്റമര്‍ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി സി-45 ഉം ഭ്രമണപഥത്തിലെത്തിച്ചു. 2012 ഏപ്രില്‍ 26-ന് മൈക്രോവേവ് റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ റിസാറ്റ്-1 ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചിരുന്നു.