വിയന്ന- ഫോര്‍മുല വണ്‍ താരം നിക്കി ലൗഡ (70) അന്തരിച്ചു. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി ഒമ്പതു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ മരണം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
മൂന്നു തവണ ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കിയിട്ടുള്ള താരമാണ് നിക്കി ലൗഡ. മക്ലാരനും ഫെരാരിക്കുമൊപ്പം പ്രവര്‍ത്തിച്ച താരമാണ് നിക്കി. 1975, 1977 വര്‍ഷങ്ങളില്‍ ഫെരാരിക്കൊപ്പമായിരുന്നു ഓസ്ട്രിയന്‍ സ്വദേശിയായ അദ്ദേഹത്തിന്റെ കിരീട നേട്ടം. മക്ലാരനൊപ്പം 1984ല്‍ ജേതാവായി.2012 മുതല്‍ മെഴ്‌സിഡസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ലൂയിസ് ഹാമില്‍ട്ടണ്‍ അഞ്ചു സീസണുകളില്‍ നിന്ന് നാല് ലോക കിരീടങ്ങള്‍ സ്വന്തമാക്കിയത്.
തങ്ങളുടെ സഹയാത്രികനായിരുന്ന, 1984ല്‍ ഞങ്ങള്‍ക്കുവേണ്ടി ലോക കിരീടം നേടിയ ലൗഡയുടെ മരണത്തില്‍ അതിയായ വേദനയുണ്ടെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മക്ലാരന്‍ റേസിങ് ലിമിറ്റഡ് ട്വിറ്ററില്‍ കുറിച്ചു.