നാംപെ- അരുണാചല്‍ പ്രദേശില്‍ ഇവിഎം മെഷീനുകള്‍ മുഖംമൂടി സംഘം കവര്‍ന്നു. ഏകദേശം 500 പേരുടെ സംഘം എത്തിയാണ് അധികൃതരെ ആക്രമിച്ചതെന്നും ഇവിഎം മെഷീനുകള്‍ കവര്‍ന്നതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നിടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അരുണാചലിലെ കുരുംഗ് കുമെ ജില്ലയില്‍ ഇന്ന് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി നാംപെ പോളിംഗ് സ്‌റ്റേഷനിലേക്ക് ഇവിഎം മെഷീനുകളുമായി പോയ അധികൃതരെയാണ് മുഖംമൂടി സംഘം ആക്രമിച്ചതെന്ന് അരുണാചല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ആക്രമണം നടന്നതെന്ന് നാംപെ സെക്ടര്‍ മജിസ്‌ട്രേറ്റ് റിഡോ തരക്ക് പറഞ്ഞു. സിആര്‍പിഎംഫ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവരടങ്ങുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എകെ 47 അടക്കമുള്ള തോക്കുകളുമായി വെടിയുതിര്‍ക്കുകയാണ് ആക്രമകാരികള്‍ ചെയ്തത്. തുടര്‍ന്ന് ബലമായി ഇവിഎം മെഷീനുകള്‍ കൈവശപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം മറ്റൊരു വഴിയിലൂടെ ഇവിഎം മെഷീനുകള്‍ റീപോളിംഗ് നടത്തുന്ന ബൂത്തില്‍ എത്തിച്ചിട്ടുണ്ട്.