Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ വ്യോമ സേനയുടെ കോപ്റ്റര്‍ തകര്‍ത്തത് ഇന്ത്യയുടെ സ്വന്തം മിസൈലെന്ന് കണ്ടെത്തല്‍

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഫെബ്രുവരി 27-ന് ആറു വ്യോമ സേനാംഗങ്ങളുടേയും ഒരു സിവിലിയന്റേയും മരണത്തിനിടയാക്കിയ വ്യോമ സേനാ കോപ്റ്റര്‍ അപകടം ഇന്ത്യന്‍ വ്യോമ സേനയുടെ തന്നെ മിസൈല്‍  പതിച്ചാണെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച അന്വേഷണം 20 ദിവസത്തിനകം പൂർത്തിയാകും. ആറു സൈനികരുൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരായ സൈനിക ഉദ്യോഗസ്ഥർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് സൈനിക കോടതിയിൽ വിചാരണ ചെയ്യുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപോർട്ട് ചെയ്യുന്നു.

ശ്രീനഗർ വ്യോമ സേനാ താവളത്തിൽ നിന്ന് തൊടുത്തു വിട്ട ഇസ്രാഈൽ നിർമിത സ്പൈഡർ വെറും മിസൈൽ 12 സെക്കൻഡിനുള്ളിലാണ് ഇന്ത്യൻ വ്യോമ സേനയുടെ സ്വന്തം ഹെലികോപ്റ്റർ അബദ്ധത്തിൽ തകർത്തത്. മിസൈൽ ഏൽക്കുമെന്ന് യാതൊരു മുന്നറിയിപ്പും സൂചനും എംഐ-17 കോപ്റ്ററിന് ലഭിച്ചിരുന്നില്ല. ബാലാകോട്ട് വ്യോമാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച  24 പാക്കിസ്ഥാൻ പോർവിമാനങ്ങളെ തടയാനുള്ള വ്യോമ സേനാ നീക്കത്തിനിടെയായിരുന്നു ഈ ഭീമാബദ്ധം.

പടിഞ്ഞാറന്‍ കശ്മീരില്‍ വ്യോമാക്രണം നടക്കുന്നതിനിടെ കശ്മീരിലുടനീളം വ്യോമ സുരക്ഷ അതീവ ജാഗ്രതയിലായിരുന്നു. ശത്രുനീക്കങ്ങളെ തടയാന്‍ മിസൈല്‍ യൂണിറ്റുകളും തയാറാക്കി നിര്‍ത്തിയിരുന്നു. ഈ സമയത്താണ്  ശ്രീനഗര്‍ വിമാനത്താവളത്തിലെ വ്യോമ പ്രതിരോധ റഡാറുകള്‍ താഴ്ന്ന പറക്കുന്ന ഹെലികോപ്റ്ററിനെ കണ്ടെത്തിയത്. ഈ സമയത്ത് വ്യോമ താവളത്തിന്റെ ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ പദവി വഹിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥനാണ് ഹെലികോപ്റ്റര്‍ തകര്‍ക്കാന്‍ ഉത്തരവ് നല്‍കിയെന്നതാണ് കരുതപ്പെടുന്നത്. സ്വന്തം കോപ്റ്ററാണോ ശത്രുവിമാനമാണോ എന്നു തിരിച്ചറിയുന്നതിനുള്ള ഐഎഫ്എഫ് ട്രാന്‍സ്‌പോണ്ടര്‍ വഴി ഇത് സ്വന്തം ഹെലികോപ്റ്ററാണെന്ന് ഈ ഉദ്യോഗസ്ഥന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഹെലികോപ്റ്റര്‍ തകര്‍ന്നത് ഇന്ത്യന്‍ സേന സ്ഥിരീകരിച്ചിരുന്നെങ്കിലും പാക്കിസ്ഥാനുമായി നടന്ന വ്യോമ പോരാട്ടത്തിനിടെയാണെന്ന പരാമര്‍ശമുണ്ടായിരുന്നില്ല. പാക് സൈന്യവും ജമ്മു കശ്മീരിലെ നൗശേറ സെക്ടറില്‍ പോര്‍വിമാനങ്ങള്‍ ഏറ്റുമുട്ടിയതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സേനയുടെ കരുത്തുറ്റ കോപ്റ്ററുകളിലൊന്നായ ഇത് തകര്‍ന്നു വീഴുന്നതിനു തൊട്ടുമുമ്പ് വലിയ സ്‌ഫോടന ശബ്ദം കേട്ടിരുന്നതായി ദൃക്‌സാക്ഷികള്‍ നേരത്തെ പറഞ്ഞിരുന്നു.

Latest News