സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ് വീണ്ടും ട്വീറ്റ് വിവാദത്തില്‍. ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജന സംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി 1946-ല്‍ തന്‍റെ ഡയറിയില്‍ കുറിച്ചിട്ട വരികള്‍ പകര്‍ത്തി റോയ് ട്വീറ്റ് ചെയ്തതാണ് ട്വിറ്ററില്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശങ്ങളുയരാനിടയാക്കിയത്. 'ഹിന്ദു-മുസ്ലിം പ്രശ്‌നം ഒരു ആഭ്യന്തര യുദ്ധത്തിലൂടെ അല്ലാതെ പരിഹരിക്കാനാവില്ല' എന്ന മുഖര്‍ജിയുടെ വാക്കുകളാണ് റോയ് വള്ളിപുള്ളി വിടാതെ ട്വീറ്റ് ചെയ്തത്. ഇതോടെ റോയ് ഒരു ആഭ്യന്തര കലഹത്തിന് പൊതുജനത്തെ പ്രേരിപ്പിക്കുകയാണെന്ന ആക്ഷേപവുമായി നിരവധി പേര്‍ പ്രതിഷേധിച്ചു. റോയിയെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.
പിന്നീട് ട്രോളുകളായും പ്രചരിച്ചതോടെ റോയ് മറുപടി ട്വീറ്റുമായി രംഗത്തെത്തി. താന്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് പ്രേരിപ്പിക്കുകയല്ല എന്നായിരന്നു ട്വീറ്റ്. '70 വര്‍ഷം മുമ്പ്, ഇന്ത്യാ വിഭജനത്തിനു മുമ്പുള്ള ഒറു ഡയറിക്കുറിപ്പ് ഉദ്ധരിക്കുകയാണ് ഞാന്‍ ചെയ്തത്. ഇത് പ്രവചനാത്മകമായിരുന്നു,' മറുപടി ട്വീറ്റില്‍ റോയ് പറഞ്ഞു.