റായ്പുര്‍- ഒരേ മണ്ഡപത്തില്‍ രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത് ഛത്തീസ്ഗഢില്‍ സി.ആര്‍.പി.എഫ് ജവാന്‍ ചരിത്രമെഴുതി. കാമുകിക്കും ഭാര്യക്കും താലി ചാര്‍ത്തിയ ശേഷം മൂന്നു പേരും ഒരുമിച്ചാണ് ബാക്കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ജാഷ്പുര്‍ ജില്ലയിലെ ബഗ്‌ധോള്‍ ഗ്രാമത്തിലാണ് സംഭവമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കാമുകിയോടൊപ്പം ഭാര്യയെ വീണ്ടും വിവാഹം ചെയ്യുകയായിരുന്നു.
ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജാഷ്പൂരില്‍ അനില്‍ പൈക്രയാണ് അമ്പരപ്പിച്ച വിവാഹത്തിലെ നായകന്‍. ഉത്തര്‍പ്രദേശിലെ വരാണസിയിലെ സി.ആര്‍.പി.എഫ് ജവാനാണ് അദ്ദേഹം. അയല്‍ ഗ്രാമത്തിലെ സ്ത്രീയെ നാലു വര്‍ഷം മുമ്പ് വിവാഹം ചെയ്തിരുന്നുവെങ്കിലും ഒരു അംഗന്‍വാടി ജീവനക്കാരിയുമായി പ്രണയത്തിലാകുകയായിരുന്നു.
അതേസമയം, ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചട്ടങ്ങളുടെ ലംഘനമായതിനാല്‍ അനില്‍ കുഴപ്പത്തില്‍ ചാടിയിരിക്കയാണെന്ന് സി.ആര്‍.പി.എഫ് വ്കതാവ് ബി.സി. പത്ര പറഞ്ഞു.
കുഞ്ഞ് ജനിക്കാത്തതിനാലാണ് അനിലിന്റെ ആഗ്രഹം സാധ്യമാക്കാന്‍ ഭാര്യ കൂട്ടുനിന്നതെന്നും ഇതിനായി അവരെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടാകാമെന്നും ബഗ്‌ധോള്‍ സര്‍പാഞ്ച് പറഞ്ഞു. പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. സര്‍ക്കാര്‍ ജീവനക്കാരനായ അനില്‍ സര്‍ക്കാരില്‍നിന്ന് രേഖമൂലം അനുമതിയൊന്നും ഹാജരാക്കിയിട്ടില്ല.
അംഗന്‍വാടി ജീവനക്കാരിയുമായുള്ള പ്രണയമാണ് സി.ആര്‍.പി.എഫ് ജവാനെ രണ്ടാം വിവാഹത്തിനു പ്രേരിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഇദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കാറുള്ളത് അംഗന്‍വാടി ജീവനക്കാരിയോടൊപ്പമാണെന്നും രണ്ടാം വിവാഹത്തിനു അനുമതി നല്‍കിയ ഭാര്യയോടൊപ്പമല്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.