ന്യൂദല്‍ഹി- വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ചും വിവിപാറ്റിനെ കുറിച്ചുമുള്ള ആശങ്ക അറിയിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും അനായാസ ജയം പ്രവചിച്ച എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. പ്രാദേശിക പാര്‍ട്ടികള്‍ക്കടക്കം വന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകള്‍. ബി.ജെ.പിക്കെതിരായ വിശാല ദേശീയ സഖ്യമുണ്ടാക്കിയാല്‍ പോലും 122 സീറ്റുകള്‍ തികയില്ലെന്നാണ് പത്തിലേറെ എക്‌സിറ്റ് പോളുകളുടെ കണക്ക്. വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാനും കൃത്രിമം നടത്താനുമാണ് ഇത്തരത്തിലുള്ള എക്‌സിറ്റ് പോളുകളെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യതയും സുതാര്യതയും വീണ്ടെടുക്കണമെന്ന് ആന്ധ്രപേദശ് മുഖ്യമന്തിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ എന്തു കൊണ്ട് കമ്മീഷന്‍ തയാറാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യത്തില്‍ മൊത്തം പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചിരിക്കയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.