ജിദ്ദ - യുദ്ധഭീതിയിൽ കഴിയുന്ന മേഖലയിലെ സ്ഫോടനാത്മകമായ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിന് മക്കയിൽ നടക്കുന്നത് മൂന്നു ഉച്ചകോടികൾ. പതിനാലാമത് ഇസ്ലാമിക് ഉച്ചകോടിക്കും ഗൾഫ്, അറബ് അടിയന്തര ഉച്ചകോടികൾക്കുമാണ് പുണ്യനഗരി സാക്ഷ്യംവഹിക്കുന്നത്. മൂന്നു ഉച്ചകോടികളിലും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും.
ഇസ്ലാമിക ലോകത്തെ പ്രശ്നങ്ങളിൽ പൊതുനിലപാടുകൾക്ക് രൂപം നൽകുന്നതിന് ലക്ഷ്യമിട്ട് മക്കയിൽ നടക്കുന്ന ഇസ്ലാമിക് ഉച്ചകോടിയിൽ ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് കോ-ഓപ്പറേഷനിലെ അംഗ രാജ്യങ്ങളുടെ ഭരണാധികാരികൾ പങ്കെടുക്കും. റമദാൻ 26 ന് (മെയ് 31) ആണ് ഇസ്ലാമിക് ഉച്ചകോടി. ഇതിനു മുന്നോടിയായി അംഗ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ജിദ്ദയിൽ ഒ.ഐ.സി ആസ്ഥാനത്ത് യോഗം ചേർന്ന് വിശദമായ ചർച്ചകൾ നടത്തി അന്തിമ രൂപം നൽകുന്ന ശുപാർശകൾ 29 ന് നടക്കുന്ന വിദേശ മന്ത്രിമാരുടെ യോഗത്തിന് സമർപ്പിക്കും.
വിദേശ മന്ത്രിമാരുടെ യോഗം മക്ക ഉച്ചകോടിയിൽ അംഗീകരിക്കുന്നതിനുള്ള കരട് സമാപന പ്രഖ്യാപനം രാഷ്ട്ര നേതാക്കൾക്ക് സമർപ്പിക്കും. ഇസ്ലാമിക ലോകത്തെ നിലവിലെ നിരവധി പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന മക്ക പ്രഖ്യാപനവും സമാപന പ്രഖ്യാപനവും ഉച്ചകോടി പുറത്തിറക്കും.
ഫലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളും മറ്റേതാനും അംഗ രാജ്യങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ സ്വീകരിക്കേണ്ട പൊതുനിലപാടുകളും ഉച്ചകോടിയിൽ നേതാക്കൾ വിശകലനം ചെയ്യും.
വിവിധ രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം (ഇസ്ലാമോഫോബിയ), ഭീകരത, തീവ്രവാദം, അക്രമങ്ങൾ, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക പ്രശ്നങ്ങൾ എന്നിവയെല്ലാം ഉച്ചകോടി വിശകലനം ചെയ്യും.
ഇസ്ലാമിക് ഉച്ചകോടിക്കു മുമ്പാണ് അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികൾ മക്കയിൽ നടക്കുക. മെയ് 30 ന് മക്കയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഗൾഫ്, അറബ് ഭരണാധികാരികളെ സൽമാൻ രാജാവ് ക്ഷണിച്ചിട്ടുണ്ട്. യു.എ.ഇ തീരത്ത് സൗദി അറേബ്യയുടെത് അടക്കമുള്ള നാലു എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെയും സൗദിയിൽ എണ്ണ പൈപ്പ്ലൈനിലെ പമ്പിംഗ് നിലയങ്ങൾക്കു നേരെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ഭദ്രത ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിനും കൂടിയാലോചനകളും ഏകോപനങ്ങളും നടത്തുന്നതിനും ലക്ഷ്യമിട്ടാണ് അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികൾ വിളിച്ചുചേർക്കുന്നതെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
കപ്പലുകൾക്കും എണ്ണ പമ്പിംഗ് നിലയങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ മേഖലാ, ആഗോള സുരക്ഷയിലും ആഗോള എണ്ണ വിപണിയുടെ ഭദ്രതയിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് സൽമാൻ രാജാവ് മുൻകൈയെടുത്ത് മെയ് 30 ന് മക്കയിൽ അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികൾ വിളിച്ചുചേർക്കുന്നതെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.