മുംബൈ- ദലിത് വിഭാഗക്കാരനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ശിവസേന. ബി.ജെ.പി പ്രഖ്യാപിച്ച രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കില്ലെന്ന സൂചനയാണ് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നല്‍കിയത്.
രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന തീരുമാനത്തോടൊപ്പം തങ്ങളുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ നിലപാട് സ്വീകരിക്കാന്‍ ശിവസേന ഇന്നു യോഗം ചേരുന്നുണ്ട്. കോവിന്ദിനെ നിശ്ചയിച്ച ശേഷമാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം ഉദ്ദവ് താക്കറെ അറിയിച്ചതെന്ന് മുതിര്‍ന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് പറഞ്ഞു.
രാഷ്ടപതി സ്ഥാനാര്‍ഥിക്ക് പിന്തുണ തേടി കഴിഞ്ഞ ദിവസം അമിത് ഷാ ഉദ്ദവിനെ സന്ദര്‍ശിച്ചപ്പോള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ, പിന്തുണ ആലോചിക്കാമെന്നു പറഞ്ഞാണ് മടക്കി അയച്ചത്. എന്‍.ഡി.യിലെ രണ്ടാമത്തെ ഏറ്റവും വലിയ ഘടകകക്ഷിയാണ് ശിവസേന. കഴിഞ്ഞ രണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ യു.പി.എ സ്ഥാനാര്‍ഥികളായ പ്രതിഭാ പാട്ടീലിനേയും പ്രണബ് മുഖര്‍ജിയേയുമാണ് പാര്‍ട്ടി പിന്തുണച്ചിരുന്നത്.