പറഞ്ഞ വാക്കുകള്‍ വിഴുങ്ങുന്ന മന്ത്രിമാരേയും പാര്‍ട്ടി നേതാക്കളേയും പത്രക്കാര്‍ വെറുതെ വിടാറില്ല. പക്ഷേ, കോസ്റ്റാറിക്ക പ്രസിഡന്റ് കഴിഞ്ഞ ദിവസം അവരുടെ മുമ്പില്‍ വിഴുങ്ങിയത് വാക്കല്ല. ഒരു തേനീച്ചയെ ആയിരുന്നു. പത്രക്കാരുടെ ക്യാമറകള്‍ക്കു മുന്നില്‍വെച്ചു നടത്തിയ ആ കൃത്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
പ്രസിഡന്റ് ലൂയിസ് ഗില്ലര്‍മോ സോലിസ് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. പെട്ടെന്നാണ് വില്ലനായി തേനീച്ച അദ്ദേഹത്തിന്റെ വായിലേക്ക് കയറിയത്. പ്രസിഡന്റ് ഉടന്‍ സംസാരം നിര്‍ത്തി വായിലേക്ക് കടന്ന അതിഥിയെ വിഴുങ്ങി. എന്നിട്ട് പ്രഖ്യാപിച്ചു. ഞാന്‍ അതിനെ തിന്നു. ഞാന്‍ തേനീച്ചയെ തിന്നു. പിന്നീട് ചിരിച്ചുകൊണ്ട് പറഞ്ഞു. ഇത് സി.എന്‍.എന്നിന് അയക്കണം.
പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ പി.ഡെഡ് ആക്ച്വലിലെ ജേണലിസ്റ്റാണ് അപൂര്‍വ നിമിഷം ക്യാമറയിലാക്കിയത്.
സഹായി നല്‍കിയ വെള്ളം കുടിച്ച ശേഷം മറ്റൊന്നും സംഭവിക്കാത്ത പോലെ പ്രസിഡന്റ് സോലിസ് വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു.