ന്യൂദല്‍ഹി- എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പലപ്പോഴും ശരിയാകാറില്ല. ഇന്ത്യയില്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. അതിന് മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും അപൂര്‍വം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മാത്രമേ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് വിജയവുമായി ചേര്‍ന്ന് നിന്നിട്ടുള്ളൂ.
ഇത്തവണ എട്ട് എക്‌സിറ്റ് പോളുകളില്‍ രണ്ടെണ്ണം ഒഴികെ ആറെണ്ണവും പ്രവചിക്കുന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ്. നാല് സര്‍വേകള്‍ എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷവും പ്രവചിക്കുന്നുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പലതിലും ഈ പ്രവചനങ്ങളെല്ലാം ഫലം വന്നപ്പോള്‍ നിഷ്പ്രഭമായിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം വോട്ട് ചെയ്ത ആളുകള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്ത് വിടുന്നത്. ഒരു മണ്ഡലത്തിലും ഭൂരിപക്ഷം വോട്ടര്‍മാരോടും ആര്‍ക്ക് വോട്ട് ചെയ്തു എന്ന് ചോദിച്ചറിയാന്‍ ഒരു സര്‍വേ ഏജന്‍സിക്കും സാധിക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഓരോ മണ്ഡലത്തില്‍ നിന്ന് ചെറിയൊരു സാംപിള്‍ വോട്ടര്‍മാരോട് ചോദിച്ചാണ് കണക്കുകള്‍ തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രചനങ്ങളെല്ലാം ശരിയാകാനും തെറ്റാകാനും ഉള്ള സാധ്യത ഒരുപോലെ ആണെന്നര്‍ത്ഥം. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പ്.
അമേരിക്കയില്‍ ഹിലരി ക്ലിന്റണ്‍ അധികാരത്തിലെത്തുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഡൊണാള്‍ഡ് ട്രംപിനെ ഒരു കോമാളിയെ എന്ന പോലെ ആയിരുന്നു പല മാധ്യമങ്ങളും അവതരിപ്പിച്ചിരുന്നത്. ഫലം വന്നപ്പോള്‍ ട്രംപ് വലിയ ഭൂരിപക്ഷം സ്വന്തമാക്കുകയായിരുന്നു.