ശ്രീനഗര്‍-എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖത്തെ സന്തോഷം മറച്ചുവെക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. മോഡി വീണ്ടും അധികാരത്തിലെത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്തോഷം അടക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറഞ്ഞു. എക്‌സിറ്റ് പോളും തെരഞ്ഞെടുപ്പും ലോകത്തെ അവസാനത്തേതുമല്ല.
'മിഠായിക്കട കണ്ട് കുട്ടികളെ പോലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ മുഖത്തുള്ള സന്തോഷം മറച്ചുവെക്കാന്‍ കഴിയുന്നില്ല' മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
2014ല്‍ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എന്‍.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതല്‍ 336 വരെ സീറ്റാണ് വിവിധ മാധ്യമങ്ങള്‍ പ്രവചിക്കുന്നത്. എന്നാല്‍ എല്ലാ മാധ്യമങ്ങളും ഭരണതുടര്‍ച്ച പ്രവചിക്കുന്നുണ്ട്. കശ്മീരിലെ എക്‌സിറ്റ് പോള്‍ ഫലം നോക്കിയാല്‍, ആകെയുള്ള 6 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിയ്ക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും നാഷണല്‍ കോണ്‍ഫറന്‍സിന് മൂന്ന് സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടത്. നിലവില്‍ മൂന്ന് എം.പിമാരുള്ള പി.ഡി.പിയ്ക്ക് ഒറ്റസീറ്റും ലഭിയ്ക്കില്ലെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇതാണ് മെഹബൂബയെ ചൊടിപ്പിച്ചത്.