മെല്‍ബണ്‍-ഓസ്ട്രേലിയയില്‍ ലിബറല്‍ പാര്‍ട്ടി സഖ്യം വീണ്ടും അധികാരത്തിലേയ്ക്ക്. നിലവില്‍ ഒസ്ട്രേലിയയുടെ പ്രാധാനമന്ത്രിയായ സ്കോട്ട് മോറിസന് (51) തന്നെ 31ാമതു പ്രധാനമന്ത്രിയായി അധികാരത്തിലേറും.
ലേബര്‍ പാര്‍ട്ടി മൊത്തം 82 സീറ്റുകള്‍ കയ്യടക്കി അധികാരം പിടിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം.
ഇന്ത്യയിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഓസ്ട്രേലിയയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെ എല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ഫലം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ സ്ഥിതിയും ഏറെ വ്യത്യസ്തമാകാന്‍ വഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഓസ്ട്രേലിയയില്‍ നിലവിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ലിബറല്‍ പാര്‍ട്ടിയും തകര്‍ന്നടിയുമെന്നും ലേബര്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും എന്നും ആയിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. 56 എക്സിറ്റ് പോളുകളുടെ ഫലം അങ്ങിനെയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ സ്കോട്ട് മോറിസന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എല്ലാ എക്സിറ്റ് പോള്‍ പ്രവചനങ്ങളും തകിടം മറിഞ്ഞു.
വീണ്ടും ഓസ്ട്രേലിയയുടെ ഭരണകര്‍ത്താവായി സ്ഥാനമേല്‍ക്കുന്ന മോറിസനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദനം അറിയിച്ചു
151 അംഗ ജനപ്രതിനിധി സഭയില്‍ ലിബറല്‍ പാര്‍ട്ടി സഖ്യം മൊത്തം 74 സീറ്റുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 66 സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ ലിബറല്‍ പാര്‍ട്ടി സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുന്നതിനായി മൊത്തം 76 സീറ്റ് വേണം. സ്വതന്ത്രയായി ജയിച്ച ഹെലന് ഹെയിന്‍സ് ലിബറല്‍ പാര്‍ട്ടി സഖ്യത്തിനു പിന്തുണ നല്കുമെന്നു പ്രഖ്യാപിച്ചു. അതുകൊണ്ട് സ്വതന്ത്ര പിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ സ്കോട്ട് മോറിസനു പ്രയാസമുണ്ടാകയില്ല.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ട്ടന്‍ പാര്‍ട്ടി നേതൃത്വം രാജിവയ്ക്കുമെന്ന് അറിയിച്ചു.