Sorry, you need to enable JavaScript to visit this website.

'ഇങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് മരിക്കുകയാണ് വേണ്ടത്'; യോഗേന്ദ്ര യാദവ് പറയുന്ന കാരണമിതാണ്

ന്യൂദല്‍ഹി- ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അനായാസം കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയാക്കി മാറ്റിയിരിക്കുകയാണ് സ്വരാജ് അഭിയാന്‍ നേതാവും പ്രമുഖ തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനുമായ യോഗേന്ദ്ര യാദവ്. തെരഞ്ഞെടുപ്പു ഫലം പ്രതികൂലമായാല്‍ കോണ്‍ഗ്രസ് മരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഒരു ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടത് ട്വിറ്ററില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 'കോണ്‍ഗ്രസ് മരിക്കുകയാണ് വേണ്ടത്. ഇന്ത്യ എന്ന ആശയത്തെ രക്ഷിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസിന് ഇന്ത്യയുടെ ചരിത്രത്തില്‍ ഗുണപരമായി ഒരു പങ്കും വഹിക്കാനില്ല. ഒരു ബദല്‍ സൃഷ്ടിക്കാന്‍ ഇന്ന് നമുക്കു മുമ്പിലുള്ള ഏറ്റവും വലിയ തടസ്സം കോണ്‍ഗ്രസാണ്' എന്നായിരുന്നു യോഗേന്ദ്ര യാദവിന്റെ ട്വീറ്റ്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഒരു മഹാസഖ്യം എന്ന ആശയത്തേയും യാദവ് സംശയത്തോടെയാണ് കാണുന്നത്. കാരണം യാദവ് പലപ്പോഴും വിമര്‍ശിക്കാറുള്ള ജനാധിപത്യവിരുദ്ധരും അഴിമതിക്കാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ. രാജ്യത്തിന് ഇപ്പോള്‍ വേണ്ടത് ഒരു കരുത്തുറ്റ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷമാണ്. അതിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ഏറ്റവും വലിയ തടസ്സമെന്നും യാദവ് ചൂണ്ടിക്കാട്ടുന്നു.

ഈ പ്രസ്താവനയെ എതിര്‍ത്ത് പലരും രംഗത്തു വന്നതോടെ യാദവ് വിശദീകരണവും നല്‍കി. ഇന്ത്യയുടെ ചരിത്രത്തിലെ കോണ്‍ഗ്രസിന്റെ ഗുണപരമായി പങ്കിനെ കുറിച്ചുള്ള തന്റെ പരാമര്‍ശം ആശയക്കുഴപ്പത്തിനിടയാക്കിയിരിക്കാം എന്നു പറഞ്ഞാണ് യാദവ് വിശദീകരണം നല്‍കിയത്. സ്വാതന്ത്ര്യത്തിനു മുമ്പും തൊട്ടു ശേഷവും ഇന്ത്യയുടെ ചരിത്രത്തിലെ കോണ്‍ഗ്രസിന്റെ വലിയ പങ്കിനെ എനിക്ക് നിഷേധിക്കാനാവില്ല. ഞാന്‍ ഉദ്ദേശിച്ചത് ഇനിയങ്ങോട്ടുള്ള ചരിത്രത്തില്‍ കോണ്ഗ്രസിന് ഒരു ഗുണപരമായ പങ്കുമില്ലെന്നാണ്. ഈ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു- യാദവ് വ്യക്തമാക്കി.

എക്‌സിറ്റ് പോളുകള്‍ പുറത്തു വരുന്നതിനു നാലു ദിവസം മുമ്പ് തന്നെ എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് യോഗേന്ദ്ര യാദവ് ദി മിന്റ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രവചിച്ചിരുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാളുള്ള അപകടങ്ങളെ കുറിച്ചും ഈ അഭിമുഖത്തില്‍ യാദവ് പറയുന്നുണ്ട്. നീണ്ട ഒരു ഇരുണ്ട തുരങ്കത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്നായിരുന്നു യാദവിന്റെ വിശേഷണം. ഇന്ത്യയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പു ഏകാധിപത്യത്തെ കുറിച്ചുള്ള ആശങ്കകളും യാദവ് പങ്കുവയ്ക്കുന്നുണ്ട്. ഇങ്ങനെ വന്നാല്‍ ജനാധിപത്യത്തിന്റെതായി തെരഞ്ഞെടുപ്പു മാത്രമമെ അവശേഷിക്കൂ ബാക്കി എല്ലാ ജനാധിപത്യ സംവിധാനങ്ങളും ഉന്മൂലനം ചെയ്യപ്പെടുമെന്നും യാദവ് അഭിപ്രായപ്പെടുന്നു.
 

Latest News