Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്ത് പുതിയ പ്രതീക്ഷ; മായാവതി നാളെ സോണിയ ഗാന്ധിയേയും രാഹുലിനേയും കാണും

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനെതിരെ രംഗത്തുണ്ടായിരുന്ന മുന്‍ യുപി മുഖ്യമന്ത്രി ബിഎസ്പി നേതാവ് മായാവതി നാളെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സന്ദര്‍ശിക്കുമെന്ന് റിപോര്‍ട്ട്. യുപിയിലെ പ്രതിപക്ഷ സഖ്യമായ ബിഎസ്പി-എസ്പി മഹാസഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയ മായാവതിയുടെ പുതിയ നീക്കം തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പ് വളരെ നിര്‍ണായക സംഭവവികാസമായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരേ സ്വരത്തില്‍ കടന്നാക്രമിച്ചായിരുന്നു മായാവതിയുടെ പ്രചാരണങ്ങള്‍. സോണിയയുടേയും രാഹുലിന്റെ മണ്ഡലങ്ങളില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

മേയ് 23ന് ഫലം വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കള്‍ നടത്തി വരുന്ന കൂടിക്കാഴ്ചയില്‍ വളരെ നിര്‍ണായക കൂടിക്കാഴ്ച ആയാണ് മയാവതിയുടെ സോണിയ, രാഹുല്‍ കൂടിക്കാഴ്ച കണക്കാക്കപ്പെടുന്നത്. ഈ മൂന്ന് നേതാക്കളും ഏറ്റവുമൊടുവില്‍ ഒന്നിച്ചത് കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ അധികാരമേറ്റ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു. ഈ വേളയില്‍ മായാവതിയും സോണിയയും ആലിംഗനം ചെയ്തതും വലിയ സൗഹൃദം പ്രകടിപ്പിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പിന്നീട് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വീതം വയ്പ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായ ഇടഞ്ഞ മായാവതി യുപിയിലെ മഹാസഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ തഴയുകയായിരുന്നു. യുപിയില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് മായവതിയെ അനൗദ്യോഗികമായി വിശേഷിപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ രാഹുലിനേയും ലഖ്‌നൗവില്‍ ചെന്ന് മായവതിയേയും കാണുകയും ഞായറാഴ്ച വീണ്ടും രാഹുലിനെ കാണുകയും ചെയ്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവും പ്രതിപക്ഷ ഐക്യത്തിനായി നെട്ടോട്ടത്തിലാണ്. 

Latest News