Sorry, you need to enable JavaScript to visit this website.

കുടുംബത്തില്‍ നിന്ന് ഭീഷണിയെന്ന് സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയ വേഗറാണി ദ്യുതി ചന്ദ്

ഭുവനേശ്വര്‍- ഏവരേയും അമ്പരിപ്പിച്ച് സ്വവര്‍ഗ പ്രണയം തുറന്നു പറഞ്ഞ ലോകത്തെ വിരലിലെണ്ണാവുന്ന കായിക താരങ്ങളില്‍ ഒരാളായ ഇന്ത്യയുടെ വേഗറാണി ദ്യുതി ചന്ദ് തനിക്ക് കുടുംബത്തില്‍ നിന്നും ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി. മൂത്ത സഹോദരിക്കാണ് വീട്ടില്‍ അധികാരവും ആധിപത്യവും ഉള്ളത്. ഇവര്‍ മൂത്ത സഹോദരനെ വീട്ടില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സ്വവര്‍ഗാനുരാഗം തുറന്നു പറഞ്ഞ കാരണത്താല്‍ എന്നേയും പുറത്താക്കുമെന്ന് സഹോദരി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ദ്യുതി വെളിപ്പെടുത്തി. സഹോദരന്റെ ഭാര്യയെ ഇഷ്ടപ്പെടാത്ത കാരണത്താലാണ് അവരെ വീട്ടില്‍ നിന്ന് മൂത്ത സഹോദരി പുറത്തെറിഞ്ഞതെന്നും ദ്യുതി പറഞ്ഞു.

രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയും നാട്ടുകാരിയും ബന്ധുവുമായ 19കാരിയാണ് തന്റെ ആത്മസഖിയെന്നും ഭാവിയില്‍ അവളുമൊന്നിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും ദ്യുതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അഞ്ചു വര്‍ഷമായി ദ്യുതി സ്വവര്‍ഗ പ്രണയത്തിലാണ്. വീട്ടിലെത്തുമ്പോഴെല്ലാം അവളുമൊത്താമ് സമയം ചെലവിടുന്നതെന്നും 23കാരിയായ ദ്യുതി പറഞ്ഞിരുന്നു. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ ചക ഗോപാല്‍പൂര്‍ സ്വദേശിയാണ് ദ്യുതി.

ഇതിനു പിന്നാലെയാണ് സ്വവര്‍ഗാനുരാഗത്തെ ചൊല്ലി കുടുംബത്തില്‍ നിന്നുള്ള ഭീഷണിയും ദ്യുതി വെളിപ്പെടുത്തിയത്. എന്റെ പങ്കാളി എന്റെ സ്വത്ത് ആഗ്രഹിക്കുന്നുവെന്നാണ് സഹോദരി കരുതുന്നത്. ഈ ബന്ധം തുടര്‍ന്നാല്‍ എന്നെ ജയിലിലാക്കുമെന്നും സഹോദരി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ദ്യുതി പറയുന്നു. ഞാനൊരു മുതിര്‍ന്ന ആളാണ്. വ്യക്തിസ്വാതന്ത്യമുണ്ട്. അതുകൊണ്ടാണ് ഈ ബന്ധം തുടരണമെന്നും ഇതു പരസ്യമാക്കണമെന്നും തീരുമാനിച്ചത്. സ്വവര്‍ പ്രണയം നിയമ വിധേയമാക്കിയ സുപ്രീം കോടതി വിധിയാണ് തനിക്ക് ധൈര്യമേകിയതെന്നും അവര്‍ പറഞ്ഞു. 

ഭാവിയില്‍ തന്റെ പങ്കാളിക്ക് മറ്റാരെയെങ്കിലും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ എതിര്‍പ്പില്ലെന്നും അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും ദ്യുതി പറയുന്നു. ഞാന്‍ അത്‌ലെറ്റിക്‌സ് കരിയറില്‍ തന്നെ തുടരാനാഗ്രഹിക്കുന്നു. അടുത്ത മാസം ലോക യുണിവേഴ്‌സിറ്റി ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം നടക്കുന്ന ടോക്ക്യോ ഒളിംപിക്‌സിന് യോഗ്യത നേടുകയാണ് പ്രഥമ ലക്ഷ്യം. അതിനായി കഠിന പരിശ്രമത്തിലാണ്- ദ്യുതി പറഞ്ഞു.

പുരുഷ ലൈംഗിക ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ ശരീരത്തില്‍ അനുവദനീയ അളവില്‍ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2014ല്‍ ഇന്റര്‍നാഷണല്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ദ്യുതിക്ക് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ 2015-ല്‍ ദ്യുതിക്ക് അനുകൂലമായി വിധി പറഞ്ഞത് വലിയ നേട്ടമായിരുന്നു. ടെസ്റ്റോസ്റ്റിറോണ്‍ സംബന്ധിച്ച അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ നയവും കോടതി റദ്ദാക്കിയിരുന്നു. പിന്നീട് ഫെഡറേഷന്‍ ഈ നയം തിരുത്തി ഇത് 400 മീറ്റര്‍ മുതല്‍ 1500 മീറ്റര്‍ വരെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്ന വനിതകള്‍ക്ക് മാത്രം ബാധകമാകുന്ന രൂപത്തിലേക്ക് മാറ്റി. 100, 200 മീറ്റര്‍ ഇനങ്ങളില്‍ മത്സരിക്കുന്ന ദ്യുതിക്ക് ഇതു പ്രശ്‌നമല്ല.

Latest News