അബുദാബി- അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ മട്ടാഞ്ചേരിക്കാരായ സഹോദരന്മാര്‍ തിളങ്ങി. ദുബായിലെ െ്രെപവറ്റ് കമ്പനിയില്‍ മാനേജരുമായ എം.കെ. നാസര്‍-ഹന്‍സ ദമ്പതികളുടെ മക്കളായ മുഹമ്മദ് സലാഹുദീന്‍ (20), സല്‍മാന്‍ അല്‍ ഫാരിസ്(19), തൗബാന്‍ ഖാലിദ്(15) എന്നിവരാണ് ഖുര്‍ആന്‍ മത്സരത്തില്‍ കേരളത്തിന്റെ പെരുമ വര്‍ധിപ്പിച്ചത്.
ബിറ്റ്‌സ് പിലാനിയില്‍ എന്‍ജിനീയറിങ് ഇന്‍ ബയോടെക്‌നോളജി വിദ്യാര്‍ഥിയാണു സലാഹുദീന്‍. സല്‍മാന്‍ റാക് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയും തൗബാന്‍ ദുബായ് സെന്‍ട്രല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ഇവര്‍ക്കൊപ്പം 7 വയസ്സുകാരനായ ഇളയ സഹോദരന്‍ മുഹമ്മദ് ഫാത്തിഹും ഖുര്‍ആന്‍ പഠിച്ചുവരുന്നു. ഖിസൈസിലെ ഇമാം അബൂഹനീഫ ഖുര്‍ആന്‍ ലേണിങ് സെന്ററിലെ വിദ്യാര്‍ഥികളാണു നാലുപേരും. കഴിഞ്ഞ വര്‍ഷത്തെ പാരായണ, മനഃപാഠ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഈ കുടുംബത്തിലേക്കായിരുന്നു.