Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ ഐക്യ ദൂതുമായി ദല്‍ഹിയില്‍ നായിഡുവിന്റെ നെട്ടോട്ടം; രാഹുലിനെ വീണ്ടും കണ്ടു; 

ന്യൂദല്‍ഹി- ബിജെപിയെ വീണ്ടും അധികാരത്തിലെത്തുന്നതില്‍ നിന്ന് തടയുന്നതിന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി വരുന്ന ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു ചര്‍ച്ച നടത്തി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയേയും ഇന്ന് അദ്ദേഹം സന്ദര്‍ശിച്ചേക്കും. വെള്ളിയാഴ്ച ദല്‍ഹിയിലെത്തിയ നായിഡു രണ്ടു ദിവസമായി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാറിനേയും നായിഡു ഞായറാഴ്ച വീണ്ടും സന്ദര്‍ശിച്ചു.

നായിഡുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാഹുല്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ച നടത്തി. 

ഇന്നലെ ദല്‍ഹിയില്‍ നിന്നും ലഖ്‌നൗവിലേക്കു പോയ നായിഡു യുപി മുന്‍ മുഖ്യന്ത്രിമാരും ഇപ്പോള്‍ പ്രതിപക്ഷ സഖ്യത്തിലുമായ ബിഎസ്പി നേതാവ് മായാവതിയേയും എസ്പി നേതാവ് അഖിലേഷ് യാദവിനേയും സന്ദര്‍ശിച്ചിരുന്നു. ഇരു നേതാക്കളുമായും ഒരു മണിക്കൂറോളം സമയം നായിഡു ചര്‍ച്ച നടത്തി. ലഖ്‌നൗവില്‍ നിന്ന് തിരിച്ച് ദല്‍ഹിയിലെത്തിയതിനു പിന്നാലെയാണ് നായിഡു വീണ്ടും രാഹുലിനെ കണ്ടത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും നായിഡു കണ്ടു. 

ഓടിനടന്ന് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെങ്കിലും ചര്‍ച്ചയുടെ ഉള്ളടക്കം സംബന്ധിച്ച് നായിഡു ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍ക്കൊള്ളുന്ന ഒരു സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യകളാണ് രാഹുലും നായിഡും ചര്‍ച്ച ചെയ്തതെന്ന് സൂചനകളുണ്ട്. ബിജെപി നേൃതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന പക്ഷം പ്രതിപക്ഷത്തിന് സ്വീകരിക്കാവന്ന നിലപാട് സംബന്ധിച്ച് ഒരു തന്ത്രം ആവിഷ്‌ക്കരിക്കണമെന്ന രാഹുലും നായിഡുവും ചര്‍ച്ച ചെയ്തതായി കരുതപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ബിജെപി സഖ്യം വിട്ട നായിഡു ഇത്തവണ ബിജെപിയെ തടയാന്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
 

Latest News