പട്‌ന- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്ന ബിജെപി ഭോപാല്‍ സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന്റെ വിവാദ പ്രസ്താവനയെ ചൊല്ലി ബിജെപിക്ക് മുന്നറിയിപ്പുമായി ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഈ പ്രസ്താവനയുടെ പേരില്‍ പ്രജ്ഞയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് നിതീഷ് ബിജെപിയോട് ആവശ്യപ്പെട്ടു. ഈ പരാമര്‍ശം അപലപനീയമാമെന്നും വച്ചുപൊറുപ്പിക്കാനാവില്ലെന്നും നിതീഷ് പ്രതികരിച്ചു. എന്തു നടപടി സ്വീകരിക്കണമെന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ഇത്തരം പ്രസ്താവനകളെ ഞങ്ങള്‍ക്ക് വച്ചുപൊറുപ്പിക്കാനാവില്ല- നീതീഷ് പറഞ്ഞു. പ്രജ്ഞയെ പുറത്താക്കുന്ന കാര്യം ബിജെപി ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ് ദിവസം പട്‌നയില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നിതീഷ്.
Bihar CM Nitish Kumar on BJP Sadhvi Pragya Singh's statement 'Godse is patriot': It is condemnable. What action the party takes is their internal matter. We should not tolerate such a statement. pic.twitter.com/QvCwALtRdT
— ANI (@ANI) May 19, 2019
ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നു പറഞ്ഞ അനില്‍ സൗമിത്രയെ ബിജെപി പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മാധ്യമങ്ങളുടെ നിതീഷിനോടുള്ള ചോദ്യം.
അതിനിടെ നിതീഷിനെതിരെ തിരിച്ചടിച്ച് ആര്‍ ജെ ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി രംഗത്തെത്തി. പ്രജ്ഞയുടെ വിവാദ പരാമര്‍ശം പ്രശ്‌നമായെങ്കില്‍ ബിജെപി സഖ്യ സര്‍ക്കാരില്‍ നിന്ന നിതീഷ് രാജിവെക്കുകയാണ് വേണ്ടതെന്ന് അവര്‍ പ്രതികരിച്ചു.