ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ തീരുമാനമെടുക്കുന്നതിലുള്ള ഭിന്നത പുറത്തായതിനു പിന്നാലെ വിവാദ ക്ലീന്‍ ചിറ്റ് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഓഫീസിനും നിതി ആയോഗിനു നേരത്തെ നല്‍കിയ ക്ലീന്‍ ചിറ്റാണ് തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക ലവാസയുടെ നിര്‍ബന്ധത്തിനു വഴങ്ങി പുനപ്പരിശോധിക്കാന്‍ കമ്മീഷന്‍ തയാറായത്. പ്രധാനമന്ത്രി മോഡിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ക്കു മുമ്പായി ഗോണ്ടിയ, വാര്‍ധ, ലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ മോഡിയുടെ ഓഫീസ് നിതി ആയോഗിനെ ദുരുപയോഗം ചെയ്‌തെന്നായിരുന്നു കഴിഞ്ഞയാഴ്ച പ്രതിപക്ഷം നല്‍കിയ പരാതി. എന്നാല്‍ ഇതില്‍ ചട്ടലംഘനമില്ലെന്നറിയിച്ച് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.
മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പു കമ്മീഷനില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതികളില്‍ തീരുമാനമെടുക്കുമ്പോള്‍ ന്യൂനപക്ഷ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ അംഗമായ അശോക് ലവാസ യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വിവാദമായ പല ക്ലീന്‍ ചിറ്റുകളും കമ്മീഷനിലെ രണ്ടംഗങ്ങളായ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവരുടെ മാത്രം തീരുമാനമായിരുന്നെന്നും പരസ്യമായതോടെയാണ് ഇപ്പോള്‍ വിവാദ ക്ലീന്‍ ചിറ്റ് പരിശോധിക്കാന്‍ കമ്മീഷന്‍ തയാറായിരിക്കുന്നത്.
മോഡി റാലികള്‍ നടത്താന്‍ പോകുന്ന മൂന്നിടങ്ങളിലെ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് നിതി ആയോഗില്‍ നിന്ന് ശേഖരിച്ച് അതു തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ നിതി ആയോഗിന്റെ വിശദീകരണം ചോദിക്കാതെയാണ് മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇതില്‍ കമ്മീഷന്‍ അംഗം അശോക് ലവാസ വിയോജിപ്പ് അറിയിച്ചിരുന്നു. മോഡിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം ഗോണ്ടിയ, ലത്തൂര്‍, വാര്‍ധ എന്നീ ജില്ലകളിലെ കലക്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടോ എന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്തില്‍ നിന്ന് വിശദീകരണം തേടണമെന്ന് ലവാസ നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് കമ്മീഷന്‍ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. ഔദ്യോഗിക സന്ദര്‍ശനങ്ങളും തെരഞ്ഞെടുപ്പു സന്ദര്‍ശനങ്ങളും ഒരുമിച്ചാക്കാമെന്ന് 2014 ഒക്ടോബറില്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് കമ്മീഷന്‍ തള്ളിയത്.
എന്നാല്‍ പൂര്‍ണ വസ്തുതകളുടെ അഭാവത്തില്‍ ഈ പരാതി എങ്ങനെ തീര്‍പ്പാക്കാനുകമെന്ന് അശോക് ലവാസ ചോദ്യം ചെയ്തിരുന്നതായും റിപോര്‍ട്ടുണ്ട്. ഈ വിയോജിപ്പിനെ തുടര്‍ന്ന് വിശദീകരണം തേടി കമ്മീഷന്‍ വ്യാഴാഴ്ച നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന് രണ്ടാമതൊരു കത്തു കൂടി അയച്ചിരിക്കുകയാണ്. ജില്ലാ കലക്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ എന്നാണ് കമ്മീന്‍ നിതി ആയോഗിനോട് ചോദിച്ചിരിക്കുന്നത്. എന്നാല്‍ എന്നു മറുപടി നല്‍കണമെന്നു കത്തില്‍ വ്യക്തമാക്കുന്നില്ല.