ഇസ്‌ലാമാബാദ്-ദക്ഷിണ പാക്കിസ്ഥാനില്‍ നാനൂറിലധികം കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. അണുബാധിതമായ സിറിഞ്ച് ഉപയോഗിച്ച് കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയതിനാലാണ് ഇത്രയധികം കുട്ടികള്‍ക്ക് രോഗമുണ്ടായത്. സിന്ധ് പ്രവിശ്യയിലെ ലര്‍ക്കാനയിലെ വസായോ ജില്ലയിലാണ് സംഭവം. സ്ഥലത്തെ ശിശുരോഗ വിദഗ്ധന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് സംഭവത്തിന് കാരണമായത്. ഡോക്ടറെ കസ്റ്റഡിയിലെടുത്തു.
ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതിനാലാണ് പ്രശ്‌നമുണ്ടായത്. ഇത്രയധികം കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതോടുകൂടി തദ്ദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ധാരാളമാളുകളാണ് രക്തം പരിശോധിക്കാനായി ആശുപത്രിയിലെത്തുന്നത്. പാക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തതാണ്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം പാക്കിസ്ഥാനില്‍ 600,000 ലധികം മുറിവൈദ്യന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ സിന്ധ് പ്രവിശ്യയില്‍ മാത്രമായി 270,000 പേരുണ്ട്. സിറിഞ്ചിന് നഷ്ടമാകുന്ന രൂപ ലാഭിക്കാനാണ് ഒരേ സിറിഞ്ച് നിരവധി ആളുകള്‍ക്ക് ഉപയോഗിക്കുന്നത്. പ്രാഥമിക ചികിത്സ എന്ന രീതിയില്‍ കുത്തിവയ്പ്പ് നല്‍കുന്നതിനാലാണ് രോഗം വര്‍ധിക്കുന്നത്.