വാഷിംഗ്ടണ്‍- അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ, ഗള്‍ഫില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്നാണ് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. നിലവിലെ സംഘര്‍ഷം വ്യോമ ഗതാഗതത്തിന് ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് യു.എസ് നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചിരിക്കുന്നത്. മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണി വര്‍ധിച്ചതായി നേരത്തെ ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, എണ്ണക്കമ്പനിയായ എക്‌സോണ്‍മോബി ഇറാഖിലെ ബസറയിലുള്ള തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിച്ചു. ഇവിടെ റോക്കറ്റാക്രമണത്തെ തുടര്‍ന്ന് യു.എസ് കോണ്‍സുലേറ്റ് മാസങ്ങളായി അടച്ചിട്ടിരിക്കയാണ്. ഇറാന്‍ പിന്തുണയുള്ള ശിയാ മിലീഷ്യകളെയാണ് റോക്കറ്റാക്രമണത്തിന് അമേരിക്ക കുറ്റപ്പെടുത്തുന്നത്. ഇറാനിലും ഇറാഖിലുമുള്ള പൗരന്മാരോട് മടങ്ങാന്‍ ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.
ഇറാനില്‍ നിന്നുള്ള സൈനിക ഭീഷണിയും അതിക്രമവും തടയുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലും അറേബ്യന്‍ ഗള്‍ഫ് സമുദ്രങ്ങളിലും അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട അമേരിക്കയുടെ അഭ്യര്‍ഥന ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചതായി അറബ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ശര്‍ഖുല്‍ ഔസത്ത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെ ഏതെങ്കിലും തരത്തിലുള്ള നടപടികളില്‍നിന്ന് തടയുകയാണ് അമേരിക്കയുടേയും ഗള്‍ഫ് രാജ്യങ്ങളുടേയും സംയുക്ത നീക്കത്തിന്റെ ലക്ഷ്യം.
യു.എ.ഇ തീരത്ത് എണ്ണക്കപ്പലുകളും സൗദി അറേബ്യയില്‍ എണ്ണ പൈപ്പ് ലൈനുകളും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്.
റമദാന്‍ അവസാനം മക്കയില്‍ ചേരുന്ന ഇസ്്‌ലാമിക് ഉച്ചകോടിക്കിടെ, പ്രത്യേക യോഗം ചേര്‍ന്ന് അറബ് രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.