ന്യൂദല്‍ഹി-വോട്ടിങ് യന്ത്രത്തിന് പോലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കാവലിനു പുറമെ രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേക കാവലേര്‍പ്പെടുത്തി. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി എസ്.പി സഖ്യവും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് സ്വന്തം നിലക്ക് വോട്ടിങ് യന്ത്രത്തിന് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണ് കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ചതെന്ന ആരോപണം ബി.എസ്.പി നേതാവ് മായാവതി നേരത്തെ ഉയര്‍ത്തിയിരുന്നു.
വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമം കാണിക്കുന്നതായുള്ള പരാതി ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമുണ്ട്. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ പോലും വോട്ടിങ് യന്ത്രത്തിന് കോണ്‍ഗ്രസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ ഈ കാവലും ജാഗ്രതയും മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി അവര്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവലിന് പാര്‍ട്ടികേഡര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. യു.പിയിലെ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ കടത്തികൊണ്ടുപോയതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കാവല്‍ ശക്തമാക്കിയിരിക്കുന്നത്.
ഡല്‍ഹിയിലെ ഏഴു ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി 20 അംഗ പ്രവര്‍ത്തക സംഘത്തെയാണ് കാവലിന് നിയോഗിച്ചിട്ടുള്ളത്. രാവും പകലും ഇവര്‍ മാറിമാറി കാവല്‍ നില്‍ക്കും. ആപ് നേതാവും സൗത്ത് ഡല്‍ഹി സ്ഥാനാര്‍ത്ഥിയുമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലാണ് കാവല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ പോലീസ് കാവലും സി.സി ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.