ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണം വെള്ളിയാഴ്ച അവസാനിച്ചതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ടു ദിവസത്തെ ക്ഷേത്ര സന്ദര്‍ശനത്തിന് ഇന്നു തുടക്കം. ഉത്തരാഖണ്ഡിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളാണ് മോഡി സന്ദര്‍ശിക്കുക. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ 'ഔദ്യോഗിക സന്ദര്‍ശനം' എന്നു വിശേഷിപ്പിച്ചാണ് ഈ യാത്ര. അതേസമയം പെരുമാറ്റ ചട്ടം സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശനയാഴ്ചയും അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്ന ഞായറാഴ്ചയും ക്ഷേത്ര സന്ദര്‍ശനത്തിന് നേരത്തെ മോഡിയുടെ ഓഫീസ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. അനുവാദം നല്‍കുന്നതോടൊപ്പം കമ്മീഷന്‍ ചട്ടം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച കേദാര്‍നാഥിലും ഞായറാഴ്ച ബദരീനാഥിലുമാണ് മോഡി സന്ദര്‍ശനം നടത്തുക. ശേഷം ദല്‍ഹിയിലേക്ക് തിരിക്കും.