Sorry, you need to enable JavaScript to visit this website.

തെര. കമ്മീഷന്‍ പിടിച്ചെടുത്തത് 3000 കോടിയിലേറെ രൂപ; വര്‍ധന മൂന്നിരട്ടിയോളം

ന്യൂദല്‍ഹി- രണ്ടു മാസത്തോളം നീണ്ടു നിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണ കാലയളവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പിടിച്ചെടുത്തത് രേഖകളില്ലാത്ത 3,439 കോടി രൂപ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ പിടികൂടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2014ല്‍ പിടിച്ചെടുത്തത് 1,200 കോടിയായിരുന്നു. ഇത്തവണ ഇത മൂന്നിരട്ടിയോളം ഉയര്‍ന്നു. 950 കോടി രൂപ പിടിച്ചെടുത്ത് തമിഴ്‌നാടാണ് പട്ടികയില്‍ മുന്നില്‍. 552 കോടി രൂപയുമായി ഗുജറാത്ത് രണ്ടാമതെത്തി. 446 കോടി പിടികൂടിയ ദല്‍ഹിയാണ് മൂന്നാമത്.

ഇത്തവണ വലിയ വിവാദങ്ങളുണ്ടാകകിയ പെരുമാറ്റ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് അഞ്ഞൂറോളം പരാതികളാണ് കമ്മീഷനു ലഭിച്ചത്. ഇവയില്‍ ആറോളം പരാതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആയിരുന്നു. ഇവയിലെല്ലാം കമ്മീഷന്‍ മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഇത്തവണ കമ്മീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്ന വ്യാപക പരാതിയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചു. ചട്ടലംഘന പരാതികളില്‍ മോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ്അനുകൂലമായി മാത്രം നിലപാടെടുത്തത് പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. വോട്ടിനു കോഴ ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതും കൊല്‍ക്കത്തയിലെ ആക്രമസംഭവങ്ങളുടെ പേരില്‍ പ്രചാരണ കാലാവധി വെട്ടിക്കുറച്ചതും കമ്മീഷന്റെ അപൂര്‍വ നടപടികളായിരുന്നു.

ചട്ടം ലംഘിച്ചതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായി മായാവതി, എസ് പി നേതാവ് അസം ഖാന്‍, കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു, ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍ എന്നിവര്‍ക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പരാതികളെ തുടര്‍ന്ന് 645 ഫേ്‌സ്ബുക്ക് പോസ്റ്റുകളും, 160 ട്വീറ്റുകളും, 31 ഷെയര്‍ചാറ്റ് പോസ്റ്റുകളും, അഞ്ച് ഗൂഗ്ള്‍ പോസ്റ്റുകളും മൂന്ന് വാട്‌സാപ്പ് മെസേജുകളും കമ്മീഷന്‍ നീക്കം ചെയ്യിച്ചിരുന്നു. 


 

Latest News