ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണം വെള്ളിയാഴ്ച അവസാനിച്ചതോടെ ഇനി കണക്കെടുപ്പുകളുടെ ദിവസങ്ങളാണ്. ഫലമറിയാന്‍ ഇനിയും അഞ്ച് ദിവസം ബാക്കിയുണ്ടെങ്കിലും പ്രചാരണത്തിന്റെ മേനിപറച്ചിലുമായി മുന്‍പന്തിയിലുള്ളത് അഞ്ചു വര്‍ഷം ഭരിച്ച ബിജെപി തന്നെയാണ്. ബിജെപിയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തുടനീളം ഒരു ലക്ഷത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നാണ് അവരുടെ അവകാശവാദം. 50 ദിവസത്തിനിടെ 142 റാലികളില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളം തലങ്ങും വിലങ്ങും വിമാനത്തിലും ഹെലികോപ്റ്ററിലും കാറിലുമൊക്കെ ആയിരുന്നു മോഡിയുടെ യാത്രകള്‍.
മാര്‍ച്ച് 28-ന് യുപിയിലെ മീറത്തിലായിരുന്നു മോഡിയുടെ റാലികളുടെ തുടക്കം. അവസാനിച്ചത് വെള്ളിയാഴ്ച മധ്യപ്രദേശിലെ ഖര്‍ഗോണിലും. ഒന്നര കോടി ജനങ്ങളേയും ചുരുങ്ങിയത് പതിനായിരം ബിജെപി നേതാക്കളേയും മോഡി കണ്ടുവെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്.
1,00,500 കിലോമീറ്റര്‍ ആകാശ മാര്‍ഗവും റോഡു മാര്‍ഗവും സഞ്ചരിച്ചതില്‍ ഏപ്രില്‍ 18നായിരുന്നു ഏറ്റവും ദൂരം കവര്‍ ചെയ്ത ദിവസം. ഗുജറാത്തിലും കര്‍ണാടകയിലും കേരളത്തിലുമായി വിവിധ റാലികളില്‍ പങ്കെടുക്കാന്‍ ഈ ദിവസം മോഡി 4000 കിലോമീറ്ററാണ് സഞ്ചരിച്ചത്.