ലോക മ്യൂസിയം ദിനം ഇന്ന്: യു.എ.ഇ  മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം 

ദുബായ് മ്യൂസിയം 

ദുബായ്- ലോക മ്യൂസിയം ദിനമായ ഇന്ന് യു.എ.ഇയിലെ മ്യൂസിയങ്ങളിൽ പ്രവേശന ഫീസ് ഒഴിവാക്കും. ചില മ്യൂസിയങ്ങൾ പ്രവർത്തന സമയം ദീർഘിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക മ്യൂസിയം ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മ്യൂസിയങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് ദുബായ് മീഡിയാ ഓഫീസ് വ്യക്തമാക്കി. രാത്രി ഒരു മണി വരെ പ്രവർത്തിക്കുമെന്ന് ദ ലൗറെ അബുദാബി അധികൃതർ അറിയിച്ചു. 


വിശുദ്ധ റമദാനിൽ എല്ലാ ദിവസവും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഷാർജ ഇസ്‌ലാമിക് സിവിലൈസേഷൻ മ്യൂസിയം അധികാരികൾ വ്യക്തമാക്കി. ഇസ്‌ലാമിനെ അടുത്തറിയുന്നതിനും വ്യത്യസ്ത സംസ്‌കാരങ്ങൾ തമ്മിലുള്ള സംവാദം പരിപോഷിപ്പിക്കുന്നതിനുമാണ് തങ്ങൾ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന 5000 ഓളം അത്യപൂർവ ശേഖരങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി വെളിപ്പെടുത്തി. 


വ്രതാനുഷ്ഠാനത്തിനും സുകൃതങ്ങൾ ചെയ്യുന്നതിലും ഉപരി, പരസ്പരം അടുത്തറിയാനുള്ള അവസരം കൂടിയാണ് റമദാൻ പ്രദാനം ചെയ്യുന്നതെന്ന സന്ദേശം കൂടിയാണ് ഈ ഉദ്യമത്തിന് പ്രേരകമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി മേധാവി മനാൽ അത്വായ വിശദമാക്കി. പ്രത്യേകിച്ചും ഇസ്‌ലാമികമല്ലാത്ത വിശ്വാസത്തിലും അറബേതര സംസ്‌കാരത്തിലും ജീവിക്കുന്നവർക്ക് ഇസ്‌ലാമിനെ അടുത്തറിയാൻ അവസരം ലഭിക്കുന്നത് നിസ്സാരമല്ല. ഇസ്‌ലാമിനെ കൂടുതൽ പഠിക്കാനും അത് വിഭാവനം ചെയ്യുന്ന സഹിഷ്ണുതയെ കുറിച്ചും കൂടുതൽ പഠിക്കാൻ ഷാർജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷൻ സന്ദർശകരെ പ്രേരിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.
 

Latest News