ന്യൂദല്‍ഹി- കള്ളപ്പണവുമായി ബന്ധപ്പെട്ട് സ്വിറ്റസര്‍ലന്‍ഡില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രഹസ്യ സ്വഭാവങ്ങളുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതു സംബന്ധിച്ച വിവരാവകാശ അന്വേഷണം കേന്ദ്ര ധനമന്ത്രാലയം നിരാകരിച്ചത്. കള്ളപ്പണ കേസുകളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് പങ്കുവെച്ച വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയുള്ളതാണെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ നല്‍കിയ അന്വേഷണത്തിന് ധനമന്ത്രാലയം മറുപടി നല്‍കി. അന്വേഷണത്തിലിരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. ഈ അന്വേഷണവും നടപടികളും തുടര്‍ പ്രക്രിയയാണ്. കള്ളപ്പണ കേസുകളുമായി വിദേശത്തുനിന്ന് ലഭിച്ച വിവരങ്ങളും ഏതൊക്കെ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാണ് വിദേശ നിക്ഷേപമുള്ളതെന്നുമാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. 2017 ല്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും ഒപ്പുവെച്ച നികതി കാര്യങ്ങളിലുള്ള സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വിവരങ്ങള്‍ വിദേശ രാജ്യത്തുനിന്ന് വിവരങ്ങള്‍ കൈമാറിക്കിട്ടിയത്. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും 2018 മുതല്‍ സ്വിറ്റസര്‍ലാന്‍ഡില്‍ ഇന്ത്യക്കാര്‍ക്കുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ യഥാസമയം ലഭിക്കുമെന്ന് ധനമന്ത്രാലയം വെളിപ്പെടുത്തി.
മറ്റു രാജ്യങ്ങളില്‍നിന്ന് കള്ളപ്പണം സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് നടപടികള്‍ സ്വീകരിക്കാവുന്ന 427 എച്ച്.എസ്.ബി.സി അക്കൗണ്ട് വിവരങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ലഭിച്ചതായി ധനമന്ത്രലയം മറുപടി നല്‍കി. ഈ കേസുകളില്‍ 8645 കോടി രൂപയുടെ വെളിപ്പെടുത്താത്ത തുകയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്രയും തുക നികുതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അവലോകനം പൂര്‍ത്തിയാക്കിയ 427 കേസുകളില്‍ 162 എണ്ണത്തില്‍ 1291 കോടി രൂപയുടെ നികുതി ചുമത്തി. രാജ്യത്തും പുറത്തുമുള്ള കളളപ്പണം സംബന്ധിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രാലയം വിസമ്മതിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പാര്‍ലമന്ററികാര്യ സമിതി പരിശോധിച്ചുവരികയാണെന്നും വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ചട്ടലംഘനമാകുമെന്നുമാണ് മന്ത്രാലയം പറഞ്ഞിരുന്നത്.
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച സ്വിസ്സ് നാഷണല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കിലുള്ള നിക്ഷേപം പുതിയിലേറെ വര്‍ധിച്ചതായി വെളിപ്പെടുത്തിയിരുന്നു. 2017 ലെ കണക്ക് പ്രകാരം 6974 കോടി രൂപയാണ് ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കുകളിലുള്ളത്.