അബുദാബി- പ്രവാസികളുടെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് യുഎഇ ഭരണകൂടം പരിശോധിക്കുന്നു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് നിലവിലുള്ള ഗ്രാറ്റുവിറ്റിക്ക് പകരം പങ്കാളിത്ത രീതിയിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാവാന്‍ പ്രവാസി തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണ് ആലോചിക്കുന്നത്.
നിലവില്‍ പ്രവാസികള്‍ക്ക് ജോലി ചെയ്ത വര്‍ഷം കണക്കാക്കി ലഭിക്കുന്ന ഗ്രാറ്റുവിറ്റിയാണ് ലഭിക്കുന്നത്. ഗ്രാറ്റുവിറ്റിയ്ക്കു പകരം പെന്‍ഷന്‍ പദ്ധതി കൂടെ കൊണ്ടുവരാനാണ് യുഎഇ ഭരണകൂടം ശ്രമിക്കുന്നത്. താല്‍പര്യമുള്ളവര്‍ മാത്രം ഇതില്‍ അംഗമായാല്‍ മതിയാവും. ജീവനക്കാരില്‍ നിന്നും തൊഴിലുടമയില്‍ നിന്നും നിശ്ചിത വിഹിതം ശേഖരിച്ച് ഈ തുക വിവിധ മേഖലകളില്‍ നിക്ഷേപിക്കുകയും അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് പെന്‍ഷന്‍ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് പരിഗണനിയിലുള്ളത്.
ഈ പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ ആദ്യമായിട്ടായിരിക്കും ഒരു ഗള്‍ഫ് രാജ്യത്ത് പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി തുടങ്ങുന്നത്. ഈ പദ്ധതിക്കായുള്ള ചര്‍ച്ചകള്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് വിവിധ സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും നടത്തിക്കഴിഞ്ഞു.