ന്യൂദല്‍ഹി- കോടിക്കണക്കിന് പൗരന്മാരെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ട നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ പ്രധാമന്ത്രി നരേന്ദ്ര മോഡി തന്റെ മന്ത്രിമാരെ പൂട്ടിയിട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ക്യാബിനെറ്റ് മന്ത്രിമാരെ ദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ 7 റേസ്‌കോഴ്‌സ് റോഡിലെ വസതിയിലാണ് പൂട്ടിയിട്ടതെന്ന് രാഹുല്‍ ആരോപിച്ചു. ഇതു സത്യമാണ്. എന്റേയും സുരക്ഷയ്ക്ക് സ്‌പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഉണ്ട്. അവരാണ് എന്നോടിത് പറഞ്ഞത്- ഹിമാചല്‍ പ്രദേശിലെ സോളാനില്‍ തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ പറഞ്ഞു.
ബാലകോട്ട് വ്യോമാക്രമണ സമയത്ത് പാക്കിസ്ഥാന്‍ റഡാറുകളില്‍ നിന്ന് വ്യോമ സേനാ പോര്‍വിമാനങ്ങളെ രക്ഷിക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന് വ്യോമ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായി മോഡി ഈയിടെ നടത്തിയ പ്രസ്താവനയേയും രാഹുല്‍ കൊട്ടി. 'നോക്കൂ അദ്ദേഹത്തിന്റെ അറിവ് എത്രയാണെന്ന്. മേഘങ്ങളുടെ മറ പാക് റഡാറുകളെ നിഷ്ഫലമാക്കുമെന്നും ഭയപ്പെടേണ്ടെന്നും ഇന്ത്യന്‍ വ്യേമാ സേനയോട് മോഡി പറഞ്ഞത്രെ. കേള്‍ക്കേണ്ടവരെ പോലും കേള്‍ക്കാന്‍ തയാറാകാതെ തന്റെ സ്വന്തം ലോകത്താണ് അദ്ദേഹം'- രാഹുല്‍ പറഞ്ഞു.