പാരീസ്- അടിയന്തര സാഹചര്യം സൃഷ്ടിച്ച് തന്റെ കഴിവ് തെളിയിക്കാന്‍ ചികിത്സയില്‍ പിഴവ് വരുത്തിയ വിവാദ ഫ്രഞ്ച് ഡോക്ടര്‍ക്കെതിരെ 17 കേസുകളില്‍ കൂടി അന്വേഷണം. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ഏഴു കേസുകളില്‍ നേരത്തെ തന്നെ അനസ്‌തേഷ്യാ വിദഗ്ധന്‍ ഫ്രഡെറിക് പെഷിയെര്‍ അന്വേഷണം നേരിടുന്നുണ്ട്.
രോഗികളെ രക്ഷപ്പെടുത്തുന്നതില്‍ തന്റെ വൈദഗ്ധ്യം തെളിയിക്കുന്നതിനായി എമര്‍ജന്‍സി സാഹചര്യമുണ്ടാക്കാന്‍ അനസ്‌തേഷ്യാ പൗച്ചുകളില്‍ മായം കലര്‍ത്തിയെന്നാണ് ആരോപണം. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം വരെ വിധിക്കാവുന്ന ആരോപണങ്ങള്‍ മുഴുവന്‍ ഡോ. ഫ്രെഡറിക് നിഷേധിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജീന്‍ യുവസെ ലെ ബോണ്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഡോ. ഫ്രഡറിക് വിഷം കലര്‍ത്തിയെന്ന് സമ്മതിച്ചാല്‍ പോലും അതിനു പറയുന്ന കാരണം അവിശ്വസനീയമാണെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു.
ആദ്യത്തെ ഏഴ് ആരോപണങ്ങളില്‍ 2017 മേയില്‍ 47 കാരനായ ഡോക്ടര്‍ക്കെതിരെ കിഴക്കന്‍ പട്ടണമായ ബെസന്‍കോണിലെ ജഡ്ജി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നീട് ഡോക്ടറെ വിട്ടയച്ച കോടതി ചികിത്സ തുടരുന്നതില്‍ വിലക്കേര്‍പ്പെടുത്തി.
ശസ്ത്രക്രിയക്കിടെ, ഹൃദയഘാതം വന്ന് 66 രോഗികള്‍ മരിച്ച സംഭവത്തില്‍ ഈയാഴ്ച ഡോ. ഫ്രെഡറിക്കിനെ പോലീസ് ചോദ്യം ചെയ്തു. നാലു മുതല്‍ 80 വയസ്സുവരെയുള്ള രോഗികള്‍ മരിച്ച കേസുകളില്‍നിന്നാണ് ഡോക്ടര്‍ക്കെതിരെ പുതിയ തെളിവുകള്‍ കണ്ടെത്തിയത്.
ഓരോ സംഭവത്തിലും ഡോക്ടറുടെ പങ്കാളിത്തം കാണുന്നുവെന്നും സഹപ്രവര്‍ത്തകരുമായി ഭിന്നത പ്രകടമായ സംഭവങ്ങളാണിതെന്നും പ്രോസിക്യൂട്ടര്‍ എറ്റിയെന്ന് മാന്‍ടിയോക്‌സ് പറഞ്ഞു. അനസ്‌തേഷ്യയെ കുറിച്ചോ പൊട്ടാഷ്യം കൂടുതല്‍ നല്‍കിയതിനെ കുറിച്ചോ ആര്‍ക്കെങ്കിലും സംശയം ഉടലെടുക്കുന്നതിനുമുമ്പ് ഡോക്ടര്‍ വളരെ വേഗം ചികിത്സ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ ആരോപണങ്ങള്‍ ഡോക്ടര്‍ നിഷേധിച്ചതിനു പുറമെ, അന്വേഷണത്തിന്റെ തുടക്കത്തില്‍ ഡോക്ടര്‍ നല്‍കിയ മൊഴിയില്‍ മാറ്റം വരുത്തിയെന്് അഭിഭാഷകന്‍ ആരോപിക്കുന്നു.
ഫലം എന്തു തന്നെ ആയാലും തന്റെ കരിയര്‍ അവസാനിച്ചുവെന്നും വിഷം നല്‍കുന്നയാളെന്ന് ഒരിക്കല്‍ മുദ്ര കുത്തപ്പെടുന്ന ഡോക്ടറെ നിങ്ങള്‍ക്ക് വിശ്വസിക്കാനാവില്ലെന്നും ഡോ.ഫ്രെഡറിക് വാര്‍ത്താ ലേഖകരോട് പറഞ്ഞു. കുടുംബം തകര്‍ന്നുപോയെന്നും കുട്ടികളെ കുറിച്ചാണ് ആധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.