ന്യൂദല്‍ഹി- എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാട് വീണ്ടും മാധ്യമങ്ങളില്‍. മുസ്്‌ലിംകളും ക്രിസ്ത്യാനികളും അന്യഗ്രഹ ജീവികളാണെന്നും ഇവര്‍ക്ക് ഒരു മേഖലയിലും പ്രത്യേകാവകാശങ്ങള്‍ നല്‍കേണ്ടതില്ലെന്നുമാണ് കോവിന്ദ് മുമ്പ് നടത്തിയ വിവാദ പ്രസ്താവന.
ദളിതുകള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഛായ തിരിച്ചുപിടിക്കാന്‍ ദളിതനായ കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിലൂടെ സാധിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
ബി.ജെ.പിയുടെ ഓദ്യോഗിക വക്താവായി ചുമതലയേറ്റ ശേഷം 2010ല്‍ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാംനാഥ് കോവിന്ദ് ന്യൂനപക്ഷ സംവരത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരുന്നത്.
ഭാഷാമത ന്യൂനപക്ഷങ്ങളില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 15 ശതമാനം സംവരണം നല്‍കണമെന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശത്തെ എതിര്‍ത്ത് രംഗത്തുവന്നതായിരുന്നു അന്ന് രാംനാഥ് കോവിന്ദ്.
പരിവര്‍ത്തിത മുസ്്‌ലിംകളേയും ക്രിസ്ത്യാനികളേയും പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും നിശ്ചിത സംവരണം നല്‍കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നാണ് രാംനാഥ് കോവിന്ദ് പറഞ്ഞത്. സിക്ക് വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ അവകാശങ്ങള്‍ നേടിയതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് മുസ്്‌ലിംകളും ക്രിസ്ത്യാനികളും അന്യഗ്രഹ ജീവികളാണെന്ന് അദ്ദേഹം പറഞ്ഞത്.