കാസർകോട്- പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് വധക്കേസിൽ വിചാരണ നേരിട്ട മുഴുവൻ പ്രതികളെയും കോടതി വെറുതെ വിടാൻ കാരണം പോലീസിന്റെ ഭാഗത്ത്‌നിന്ന് വന്ന ഗുരുതരവീഴ്ച. ജില്ലാ അഡീഷണൽ സെഷൻ ജഡ്ജി മനോഹർ കിണിയാണ് തെളിവുകളുടെ അഭാവത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വെറുതെവിട്ടത്. നേരത്തെ ആറു തവണ കേസിന്റെ വിധി പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു. ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുർളു കാളിയങ്ങാട് കോളനിയിലെ കെ എൻ വൈശാഖ് (22), ജെ പി കോളനിയിലെ എസ് കെ നിലയത്തിൽ സച്ചിൻ കുമാർ എന്ന സച്ചിൻ (22), കേളുഗുഡ്ഡെയിലെ ബി കെ പവൻ കുമാർ (30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയൻ (28), ആർ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്. ജെ പി കോളനിയിലെ 17കാരനെതിരെയുള്ള വിചാരണ പിന്നീട് നടക്കും. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ തടഞ്ഞ് നിർത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. അന്നത്തെ ഡി.വൈ.എസ്.പിയായിരുന്ന മോഹനചന്ദ്രൻ നായർ, സി.ഐ സുനിൽകുമാർ, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പോലീസ് അന്വേഷണത്തിൽ വീഴ്ച്ചയുണ്ടായതായി കോടതിയുടെ നിരീക്ഷിച്ചു. കോടതി വാക്കാലാണ് നിരീക്ഷണം നടത്തിയത്. ഉത്തരവ് പുറത്ത് വന്നാൽ മാത്രമേ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. പോലീസ് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ വീഴ്ച്ചയുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്. ഒന്നാം സാക്ഷിയും കൊല്ലപെട്ട സാബിത്തിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് റഹീസ് കൃത്യമായ മൊഴി നൽകിയിട്ടും പ്രതികളെ ശിക്ഷിക്കാനുള്ള തലത്തിലേക്ക് അന്വേഷണം എത്തിയില്ല. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ തടഞ്ഞ് നിർത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തികൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകനും ബി ജെ പി സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. പി എസ് ശ്രീധരൻ പിള്ളയും, ജോസ് കോഴിക്കോടുമാണ് ഹാജരായത്. കേസിലെ പ്രതികൾക്ക ശിക്ഷ ലഭിക്കുന്നതിനായി സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ മുഹമ്മദ് ആലുവ, അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ശ്രീജി ജോസഫ് തോമസ് എന്നിവരാണ് ഹാജരായത്.പ്രോസിക്യൂഷൻ കേസിൽ നല്ല നിലയിൽ തന്നെ പ്രവർത്തിച്ചതായി കോടതി വിലയിരുത്തിയിട്ടുണ്ട്.എന്നാൽ അന്വേഷണത്തിന്റെ പിഴവുകൾ തന്നെയാണ് പ്രതികൾ നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാൻ സഹായകമായത്. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
പ്രതികളെ വെറുതെവിട്ട സംഭവം അന്വേഷിക്കണം- മുസ്‌ലിം ലീഗ്
കാസർകോട്- ചൂരിയിലെ സാബിതിനെ കൊലപ്പെടുത്തിയ കേസ്സിലെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടത് കേസന്വേഷണത്തിലെ പോലീസിന്റെ വീഴ്ചയ മൂലമാണെന്ന കോടതിയുടെ പരാമർശനം ഞ്ഞെട്ടിക്കുന്നതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും അയച്ച ഇ.മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. അടുത്ത കാലത്ത് മൂന്ന് സാമുദായിക കൊലപാതകേസുകളിലേയും പ്രതികളെ മുഴുവനായും വെറുതെ വിട്ടിട്ടുണ്ട്. ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള വിധികളാണ് പ്രമാദമായ കൊലപാതക കേസുകളിൽ പുറത്ത് വരുന്നത്. നാല് കൊലപാതക കേസ്സുകളിലെ പ്രതികളെ വെറുതെ വിട്ടപ്പോഴും കോടതി ചൂണ്ടിക്കാണിച്ചത് കേസെന്വേഷണത്തിലെ പോലീസിന്റെ പിഴവുകളും വീഴ്ചകളുമാണ്. കുമ്പള ആരിക്കാടി കടവത്തെ അഷ്ഹറിനെ കറന്തക്കാട് വെച്ചും, നെല്ലിക്കുന്നിലെ സിനാനെ ആനബാഗിൽ വെച്ചും, ബട്ടംപ്പാറയിലെ ഇർഷാദിനെ വീട്ടിനടുത്ത് വെച്ചും, ചൂരിയിലെ സാബിതിനെ ജെ.പി.നഗറിൽ വെച്ചും സാമുദായിക വിദ്വേഷം വെച്ച് കൊലച്ചെത്തിയ കേസ്സുകളിലെ പ്രതികളെയാണ് ഓരോന്നായി വെറുതെ വിട്ടിരിക്കുന്നത്. ഇത് കൊലയാളികളായ സംഘ് പരിവാർ സംഘടന പ്രവർത്തകർക്ക് കൊല നടത്താനുള്ള പ്രചോദമായി മാറിയിട്ടുണ്ട്.. ഓരോ കൊലപാതക കേസുകളിലെയും പ്രതികളെ വെറുതെ വിട്ടപ്പോഴെല്ലാം മറ്റൊരു സാമൂദായിക കൊലപാതകം കാസർകോട് നടന്നിട്ടുണ്ട്. കൊലപാതക കേസ്സുകളുടെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് വ്യത്യസ്ത ഉദ്യോഗസ്ഥരാണെങ്കിലും എല്ലാ കേസുകളും എഴുതി തയ്യാറാക്കിയതും സാക്ഷിമൊഴി രേഖപ്പെടുത്തിയതും തൊണ്ടി സാധനങ്ങൾ കണ്ടെത്തിയതും ഒരേ പൊലീസ് ടീമാണ്. ഇവർ തയ്യാറാക്കിയ മുഴുവൻ സാമൂദായിക കൊലപാതക കേസ്സുകളിലേയും പ്രതികളെ വെറുതെവിട്ടിട്ടുണ്ട്. കാസർകോടും പരിസര പ്രദേശങ്ങളിലും നടന്ന മുഴുവൻ സാമുദായിക കൊലപാതക കേസ്സുകൾ പുനപരിശോധിക്കുന്നതിനും, കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിടാനുള്ള സാഹചര്യത്തെ സംബന്ധിച്ചും അന്വേഷണം നടത്തി, കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.