ന്യൂദല്‍ഹി- രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്ന് മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്തിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയായ ഗോഡ്‌സെ ഒരു ഹിന്ദുവായിരുന്നുവെന്ന് കമല്‍ ഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞ. ഹിന്ദുത്വ ഭീകരാക്രമണമായി അറിയപ്പെടുന്ന മാലേഗാവ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയാണ് കാവി വസ്ത്രധാരിയായി പ്രജ്ഞ.
നാഥുറാം ഗോഡ്‌സെ ഒരു ദേശഭക്തനായിരുന്നു. ഒരു ദേശഭക്തന്‍ എന്നും ദേശഭക്തനായിരിക്കും. അദ്ദേഹത്തെ ഭീകരവാദി എന്നു വിളിക്കുന്നവര്‍ സ്വയം ഉള്ളിലേക്കു നോക്കണം. ഇത്തരം ആളുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന മറുപടി ലഭിക്കും- പ്രജ്ഞ പറഞ്ഞു.
അതിനിടെ പ്രജ്ഞയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. ഈ പ്രസ്താവനയെ അപലപിക്കുന്നുവെന്നും പ്രജ്ഞയില്‍ നിന്ന് വിശദീകരണം തേടുമെന്നു ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. പരസ്യമായി മാപ്പുപറയാന്‍ പ്രജ്ഞ തയാറാകണെന്നും റാവു ആവശ്യപ്പെട്ടു.
ആറു പേര്‍ കൊല്ലപ്പെട്ട മുസ്ലിംകളെ ലക്ഷ്യമിട്ട് നടത്തിയ മാലേഗാവ് സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതിയായ പ്രജ്ഞ ഹിന്ദുത്വ ഭീകരതയുടെ മുഖമായാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോല്‍ ജാമ്യത്തില്‍ കഴിയുന്ന പ്രജ്ഞയുടെ ഈ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറക്കിയത്.